13 Aug 2025 4:16 PM IST
Summary
ഓഗസ്റ്റില്‍ പണപ്പെരുപ്പം ഉയരുമെന്ന് വിലയിരുത്തല്‍
ഒക്ടോബറില്‍ ആര്‍ബിഐ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് വിലയിരുത്തല്‍. ഓഗസ്റ്റില്‍ പണപ്പെരുപ്പം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്ബിഐ റിപ്പോര്‍ട്ട്.
ഓഗസ്റ്റില്‍ പണപ്പെരുപ്പം 2 ശതമാനത്തിന് മുകളില്‍ ഉയരുമെന്നാണ് പ്രതീക്ഷയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു.
ഓഗസ്റ്റിലെ പണപ്പെരുപ്പം 2.3 ശതമാനത്തോട് അടുക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒന്നും രണ്ടും പാദങ്ങളിലെ വളര്‍ച്ചാ കണക്കുകള്‍ കണക്കിലെടുക്കുകയാണെങ്കില്‍ ഡിസംബറിലെ നിരക്ക് കുറയ്ക്കല്‍ പോലും വെല്ലുവിളി നിറഞ്ഞതായിരിക്കും.
കഴിഞ്ഞ ജൂലൈയില്‍ ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം 98 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.55 ശതമാനമായി കുറഞ്ഞു. ജൂണില്‍ ഇത് 2.10 ശതമാനവും കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 3.60 ശതമാനവുമായിരുന്നു.
തുടര്‍ച്ചയായ ഒമ്പതാം മാസത്തെ ഇടിവാണിത്, പ്രധാനമായും ഭക്ഷ്യ പണപ്പെരുപ്പത്തിലെ കുത്തനെയുള്ള ഇടിവാണ് കാരണം.
കോര്‍ പണപ്പെരുപ്പത്തിലും കുത്തനെ ഇടിവ് രേഖപ്പെടുത്തി, ആറ് മാസത്തിനിടെ ആദ്യമായി 4 ശതമാനത്തില്‍ നിന്ന് 3.94 ശതമാനമായി.കഴിഞ്ഞ ജൂണില്‍ പണനയ സമിതി നിരക്കുകള്‍ കുറയ്ക്കുകയും ഓഗസ്റ്റില്‍ നിലവിലെ സ്ഥിതി നിലനിര്‍ത്തുകയും ചെയ്തതിനുശേഷം, 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ട് യീല്‍ഡ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈയില്‍ ഏകദേശം 6.30 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ അത് 6.45 ശതമാനമായി ഉയര്‍ന്നു. താരിഫുകളില്‍ വ്യക്തത ഉണ്ടാകുന്നതുവരെ ബോണ്ട് യീല്‍ഡ് കുറയാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.