image

10 Jun 2023 11:15 AM IST

Economy

500-ും പിന്‍വലിക്കുകയാണോ ? ആര്‍ബിഐയുടെ വിശദീകരണം ഇങ്ങനെ

MyFin Desk

500-ും പിന്‍വലിക്കുകയാണോ ? ആര്‍ബിഐയുടെ വിശദീകരണം ഇങ്ങനെ
X

Summary

  • ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്നും പൊതുജനം വിട്ടുനില്‍ക്കണമെന്നു ആര്‍ബിഐ ഗവര്‍ണര്‍
  • പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരിച്ചെത്തി
  • 2018-19 ന് ശേഷം 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ചിരുന്നില്ല


മെയ് 19-ാം തീയതി വെള്ളിയാഴ്ചയായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്. അതിനു ശേഷം പൊതുജന മധ്യത്തില്‍ പ്രചരിച്ച ഒരു വാര്‍ത്തയായിരുന്നു 500 രൂപയുടെ കറന്‍സി നോട്ടുകളും പിന്‍വലിക്കുമെന്നത്. 2016 നവംബര്‍ എട്ടിന് 500,1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ ആര്‍ബിഐ പുതിയതായി 500, 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് 2016-ല്‍ അവതരിപ്പിച്ച 500 രൂപയുടെ നോട്ടുകളും ഉടന്‍ പിന്‍വലിക്കുമെന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്. മാത്രമല്ല, 2016-ന് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ ആര്‍ബിഐ വീണ്ടും അവതരിപ്പിക്കുമെന്നും പ്രചരിച്ചു. ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് ഇപ്പോള്‍ ആര്‍ബിഐ ഗവര്‍ണര്‍ മറുപടി നല്‍കിയിരിക്കുകയാണ്.

500 രൂപയുടെ കറന്‍സി നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനോ 1000 രൂപ നോട്ടുകള്‍ വീണ്ടും പ്രചാരത്തില്‍ കൊണ്ടുവരാനോ തല്‍കാലം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പദ്ധതിയില്ലെന്നു ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍നിന്നും പൊതുജനം വിട്ടുനില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ജൂണ്‍ എട്ടാം തീയതി വ്യാഴാഴ്ച മോണിട്ടറി പോളിസി കമ്മിറ്റി മീറ്റിംഗിനു ശേഷം നടന്ന മാധ്യമ സമ്മേളനത്തിലാണ് എസ്.കെ. ദാസ് ഇക്കാര്യം അറിയിച്ചത്.

പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ 50 ശതമാനവും തിരിച്ചെത്തി. 1.82 ലക്ഷം കോടി രൂപയാണ് തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യമെന്നും അദ്ദേഹം പറഞ്ഞു.

ആകെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. മെയ് 19-ലെ പ്രഖ്യാപനത്തിന് ശേഷം ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ 2000 രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തി. ഇതില്‍ 85 ശതമാനവും നിക്ഷേപങ്ങളായിട്ടാണ് തിരിച്ചെത്തിയത്. ബാക്കിയുള്ളവ എക്‌സ്‌ചേഞ്ചായി തിരിച്ചെത്തി.

ഒരേസമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റി വാങ്ങാനോ കഴിയുമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. സെപ്തംബര്‍ 30 വരെ ഇത്തരത്തില്‍ മാറ്റിവാങ്ങാനും എക്‌സ്‌ചേഞ്ച് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

2018-19 ന് ശേഷം 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ ആര്‍ബിഐ അച്ചടിച്ചിരുന്നില്ല. 2017 മാര്‍ച്ചിന് മുമ്പ് അച്ചടിച്ചവയായിരുന്നു ഭൂരിഭാഗം 2000 രൂപയുടെ നോട്ടുകളും. അഞ്ച് വര്‍ഷമാണ് 2000 രൂപയുടെ നോട്ടിന് നിശ്ചയിച്ച ദൈര്‍ഘ്യം. എന്നാല്‍ 2023 ആയപ്പോള്‍ അഞ്ച് വര്‍ഷം പിന്നിട്ടെന്നും ആര്‍ബിഐ സൂചിപ്പിച്ചു. 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇതും ഒരു കാരണമായിരുന്നു.

2016-ലെ ഡീമോണിട്ടൈസേഷനു ശേഷം കറന്‍സി നോട്ടുകളുടെ ആവശ്യകത ഉയര്‍ന്നു. മാത്രമല്ല, അന്ന് ഡിജിറ്റല്‍ പേയ്‌മെന്റ് ഇന്നത്തെ പോലെ പ്രചാരം നേടിയിരുന്നില്ല. പൊതുജനങ്ങളുടെ കറന്‍സി ആവശ്യകത നിറവേറ്റാനായിരുന്നു 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. എന്നാല്‍ ഇപ്പോള്‍ ആവശ്യകത ഇല്ലാതായി. അതിനാലാണു 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.