2 Oct 2024 4:15 PM IST
Summary
- ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ഡയറക്ടര്‍ രാം സിംഗ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ സൗഗത ഭട്ടാചാര്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ നാഗേഷ് കുമാര്‍ എന്നിവരാണ് ബാഹ്യ അംഗങ്ങള്‍
- ഭൂരിപക്ഷ തീരുമാനത്തിനെതിരെ സമിതിയില്‍ മുന്‍ അംഗങ്ങള്‍ ഭിന്നത പ്രകടിപ്പിച്ചത് പുനഃസംഘടനയ്ക്ക് കാരണമായി
ആര്‍ബിഐയുടെ പണ നയ അവലോകനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ പണനയ സമിതി പുനഃസംഘടിപ്പിച്ചു. ഈ മാസം 7, 8 തീയതികളിലാണ് പണനയ അവലോകനം നടക്കുന്നത്.
മൂന്ന് സര്‍ക്കാര്‍ ഇതര അംഗങ്ങളെ പണനയ സമിതിയില്‍ നിയമിച്ചിട്ടുണ്ട്. ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ഡയറക്ടര്‍ രാം സിംഗ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ സൗഗത ഭട്ടാചാര്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റഡീസ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ നാഗേഷ് കുമാര്‍ എന്നിവരെയാണ് ബാഹ്യ അംഗങ്ങളായി നിയമിച്ചിരിക്കുന്നത്.
നാല് വര്‍ഷത്തേക്കാണ് നിയമനം. സമിതിയിലെ മറ്റ് അംഗങ്ങള്‍ റിസര്‍വ്് ബാങ്കില്‍ നിന്നുള്ളവരാണ്. പണനയത്തിന്റെ ചുമതലയുള്ള ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ബോര്‍ഡ് നാമനിര്‍ദ്ദേശം ചെയ്യുന്ന ആര്‍ബിഐയിലെ ഒരു ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ആര്‍ബിഐ ഗവര്‍ണറാണ് സമിതിയുടെ ചെയര്‍പേഴ്സണ്‍. ആറ് അംഗങ്ങളാണ് സമിതിയിലുള്ളത്.
ഭൂരിപക്ഷ തീരുമാനത്തിനെതിരെ സമിതിയില്‍ മുന്‍ അംഗങ്ങള്‍ അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിച്ചിരുന്നു. അത് പുനഃസംഘടനയ്ക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.