image

9 Nov 2022 12:17 PM IST

Economy

ആര്‍ബിഐ 2,000 രൂപാ നോട്ടടി നിര്‍ത്തി? 4 വര്‍ഷത്തിനിടെ ഇറങ്ങിയത് 2.44 ലക്ഷം കള്ളനോട്ട്!

MyFin Desk

2000 rupee notes withdrawal and after effects
X

2000 rupee notes withdrawal and after effects 

Summary

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ രാജ്യത്ത് ഒരൊറ്റ 2,000 രൂപാ നോട്ട് പോലും പ്രിന്റ് ചെയ്തിട്ടില്ല (2019 മുതല്‍ 2022 വരെ). മാത്രമല്ല പ്രചാരത്തിലിരിക്കുന്ന 2000 രൂപാ നോട്ടുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലുണ്ട്.


ഡെല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കി ആറ് വര്‍ഷം പിന്നിടുമ്പോള്‍ ഒരു പ്രധാന ചോദ്യം കൂടി ഉയരുകയാണ്. രാജ്യത്തുണ്ടായിരുന്ന 2,000 രൂപയുടെ നോട്ടുകളൊക്കെ എവിടെ ? വിവരാവകാശ അപേക്ഷയ്ക്ക് ആര്‍ബിഐയുടെ കീഴിലുള്ള റിസര്‍വ് ബാങ്ക് നോട്ട് മുദ്രണില്‍ നിന്നും ലഭിച്ച മറുപടി പ്രകാരം കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ രാജ്യത്ത് ഒരൊറ്റ 2,000 രൂപാ നോട്ട് പോലും പ്രിന്റ് ചെയ്തിട്ടില്ല (2019 മുതല്‍ 2022 വരെ). മാത്രമല്ല പ്രചാരത്തിലിരിക്കുന്ന 2000 രൂപാ നോട്ടുകളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലുണ്ട്. 2016-17 കാലയളവില്‍ പ്രിന്റ് ചെയ്ത 2000 രൂപാ നോട്ടുകളുടെ എണ്ണം 354.2 കോടിയാണ്.

2017-18 ആയപ്പോഴേയ്ക്കും ഇത് 11.15 കോടിയായി. 2018-19 കാലയളവില്‍ രാജ്യത്ത് വെറും 4.6 കോടി 2,000 രൂപാ നോട്ടുകളാണ് പ്രിന്റ് ചെയ്തതെന്നും ആര്‍ബിഐയുടെ അറിയിപ്പിലുണ്ട്. ഇതിനിടയിലാണ് 2,000 രൂപയുടെ കള്ളനോട്ട് പ്രിന്റ് ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമായത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2020 വരെ 2.44 ലക്ഷം 2,000 രൂപയുടെ വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്. 2016ല്‍ 2,000 രൂപയുടെ 2,272 വ്യാജ നോട്ടുകളാണ് കണ്ടെത്തിയിരുന്നു.

2019 ആയപ്പോഴേയ്ക്കും പിടിച്ചെടുത്ത വ്യാജ 2000 രൂപാ നോട്ടുകളുടെ എണ്ണം 90,566 ആയി. 2020 ആയപ്പോഴേയ്ക്കും ഇത് 2,44,834 ആയി ഉയര്‍ന്നുവെന്ന് എന്‍സിആര്‍ബി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ പ്രിന്റിംഗ് ഇപ്പോള്‍ ഇല്ലെങ്കിലും നേരത്തെ ഉണ്ടായിരുന്നവയുടെ എണ്ണം എങ്ങനെയാണ് ഗണ്യമായി കുറയുന്നത് എന്നത് സംബന്ധിച്ച് അധികൃതരില്‍ നിന്നും ഇപ്പോഴും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

നടുക്കുന്ന ഓര്‍മ്മയായി നോട്ട് നിരോധനം

2016 നവംബര്‍ എട്ടിന് അര്‍ധരാത്രി മുതലാണ് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും 1000ന്റെയും നോട്ടുകള്‍ അസാധുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കള്ളപ്പണം പിടികൂടുന്നതിന് വേണ്ടിയാണ് നീക്കം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആകെ 50 ദിവസമാണ് പൊതുജനങ്ങള്‍ക്കായി അനുവദിച്ച് കിട്ടിയത്. ബാങ്കില്‍ നോട്ട് മാറ്റിയെടുക്കാന്‍ ജനം തിക്കിത്തിരക്കുന്ന അവസ്ഥ വരെയുണ്ടായി. രാജ്യത്തെ ചില ബാങ്കുകളില്‍ വെച്ച് തിരക്കില്‍ പെട്ടും, ആരോഗ്യനില വഷളായും മരണങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.