2 July 2025 4:55 PM IST
Summary
ധനകമ്മി കുറച്ചതും സര്‍ക്കാരിന്റെ മൂലധന വിനിയോഗം ഉയര്‍ന്നതും നേട്ടം
നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച തുടക്കമെന്ന് റിപ്പോര്‍ട്ട്. ധനകമ്മി കുറച്ചതും സര്‍ക്കാരിന്റെ മൂലധന വിനിയോഗം ഉയര്‍ന്നതും സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാവും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റെക്കോര്‍ഡ് ലാഭവിഹിതം അടക്കം സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച പിന്തുണയാണ് നടപ്പ് സാമ്പത്തിക വര്‍ഷം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആദ്യ രണ്ട് മാസങ്ങളില്‍ അതായത് ഏപ്രില്‍, മെയ് മാസ കണക്കുകള്‍ ഇതിനകം തന്നെ പ്രതീക്ഷ നല്‍കുന്ന ഡാറ്റയാണ് പുറത്ത് വിട്ടത്. അടിസ്ഥാന സൗകര്യങ്ങള്‍, ദീര്‍ഘകാല ആസ്തികള്‍ എന്നിവയ്ക്കായി ചെലവഴിക്കുന്ന പണത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 54% വര്‍ദ്ധന രേഖപ്പെടുത്തി. ഇത് ഏകദേശം 2.21 ലക്ഷം കോടി രൂപയിലെത്തി. ഈ വര്‍ഷത്തെ മൊത്തം മൂലധന നിക്ഷേപ ലക്ഷ്യത്തിന്റെ ഏകദേശം 20% മാണ് വെറും രണ്ട് മാസത്തിനുള്ളില്‍ ചെലവഴിച്ചത്.
ഏപ്രില്‍-മെയ് സാമ്പത്തിക വര്‍ഷത്തിലെ കമ്മി 0.13 ലക്ഷം കോടി രൂപയായി കുറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം 0.51 ലക്ഷം കോടി രൂപയായിരുന്ന സ്ഥാനത്താണിത്. രാജ്യത്തിന്റെ അറ്റ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 24% വര്‍ദ്ധന രേഖപ്പെടുത്തി. അതുപോലെ തന്നെ നികുതി സമാഹരണത്തിലും മുന്നേറ്റമുണ്ടായി. 10 ശതമാനത്തിന്റെ വളര്‍ച്ച.
അതേസമയം, നികുതിയേതര വരുമാനം 41.8% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ധനകാര്യ അച്ചടക്കത്തിനും വികസന ചെലവിനും ഇടയിലുള്ള സന്തുലിതാവസ്ഥയാണ് സൂചിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ധന കമ്മി ജിഡിപിയുടെ 4.4% ആയി കുറയ്ക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ സാഹചര്യത്തില്‍ ലക്ഷ്യം കൈവരിക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.