27 Feb 2026 6:10 PM IST
Summary
ജിഡിപി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷത്തില്‍ മാറ്റം വരുത്തിയതോടെയാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക ചിത്രം വ്യക്തമായത്. പുതിയ കണക്കുകള്‍ പ്രകാരം 0.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
ഈ സാമ്പത്തിക വര്‍ഷം രാജ്യം 7.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.നേരത്തെ ഇത് 7.1 ശതമാനമായിരിക്കുമെന്നായിരുന്നു പ്രവചനം. ജിഡിപി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷത്തില്‍ മാറ്റം വരുത്തിയതോടെയാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക ചിത്രം വ്യക്തമായത്. പുതിയ കണക്കുകള്‍ പ്രകാരം 0.5 ശതമാനത്തിന്റെ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ കണക്കാക്കിയ 7.4 ശതമാനത്തേക്കാളും ഉയര്‍ന്ന നിരക്കാണിത്.
ജിഡിപി കണക്കുകൂട്ടലില്‍ വലിയൊരു മാറ്റമാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. 2011-12 എന്ന പഴയ അടിസ്ഥാന വര്‍ഷത്തിന് പകരം 2022-23 ആണ് ഇനി മുതല്‍ അടിസ്ഥാന വര്‍ഷമായി കണക്കാക്കുക. രാജ്യത്തിന്റെ പുതിയ ഉപഭോഗ രീതികളും ഉല്‍പ്പാദന ചലനങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ ഈ മാറ്റം സഹായിക്കും.
പുതിയ രീതി പ്രകാരം മുന്‍ വര്‍ഷങ്ങളിലെ ജിഡിപി നിരക്കുകളിലും സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 2023-24-ലെ വളര്‍ച്ചാ നിരക്ക് 9.2 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായി ഉയര്‍ത്തി. 2024-25-ലെ വളര്‍ച്ചാ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി പരിഷ്കരിച്ചു.
കണക്കെടുപ്പ് രീതിയില്‍ വരുത്തിയ മാറ്റമാണ് ഈ വര്‍ദ്ധനവിന് പിന്നിലെ പ്രധാന കാരണം. മുന്പത്തേക്കാള് വലിയൊരു കൂട്ടം കമ്പനികളെയും ബിസിനസ് യൂണിറ്റുകളെയും പുതിയ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'ഡബിള്‍ ഡിഫ്ലേഷന്‍' പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഓരോ മേഖലയിലെയും യഥാര്‍ത്ഥ വളര്‍ച്ച ഇപ്പോള്‍ കണ്ടെത്തുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
