11 Aug 2025 5:35 PM IST
Summary
സെലക്ട് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉള്‍കൊള്ളുന്നതാണ് പുതിയ ബില്ല്
പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സെലക്ട് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഉള്‍കൊള്ളുന്നതാണ് പുതിയ ബില്ല്.
ലോക്സഭാ സെലക്ട് കമ്മിറ്റി മുന്നോട്ടുവെച്ച 285 നിര്‍ദ്ദേശങ്ങളാണ് പുതിയ ബില്ലിലുള്ളത്. എംഎസ്എംഇകള്‍, മറ്റ് ചെറുകിട ബിസിനസ് സംരംഭകര്‍, സാധാരണക്കാര്‍ തുടങ്ങിയവര്‍ക്ക് അനുയോജ്യമായ വിധമാണ് ബില്‍ പരിഷ്‌കരിച്ചത്.
നിയമങ്ങളിലും ചട്ടങ്ങളിലും മാത്രമല്ല, ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിലും മാറ്റങ്ങളുണ്ട്. എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാനാവുക, നൂലാമാലകള്‍ ഒഴിവാക്കി നികുതി റിട്ടേണ്‍ സമര്‍പ്പണം സുഗമമാക്കുക, തര്‍ക്കങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
അതേസമയം, നികുതി നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. വസ്തുവില്‍ നിന്നുള്ള ആദായം, പെന്‍ഷന്‍, കിഴിവുകള്‍ എന്നിവയിലും നികുതിദായകര്‍ക്ക് അനുകൂലമായ മാറ്റങ്ങളുണ്ട്. ഗുരുതരമല്ലാത്ത പിഴവുകള്‍ക്കുള്ള ശിക്ഷയും പിഴയും മറ്റും കുറയ്ക്കും.
ആദായനികുതി സ്‌കീമുകള്‍, വ്യവസ്ഥങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് പ്രത്യക്ഷ നികുതി ബോര്‍ഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാനാകും. ഉദ്യോഗസ്ഥതല കാലതാമസവും മറ്റും ഒഴിവാക്കാനാണിത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതുക്കിയ ബില്‍ സഭയില്‍ അവതരിപ്പിച്ചത്.