31 July 2025 5:27 PM IST
Summary
രൂപയുടെ മൂല്യം ഇടിയാന്‍ കാരണം യുഎസിന്റെ താരിഫ് പ്രഖ്യാപനം
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിനിമയ നിരക്ക് ഉയര്‍ന്നു. കുതിച്ചുയര്‍ന്ന് യുഎഇ ദിര്‍ഹം. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇത് നേട്ടമാകും.
ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെ രൂപയുടെ മൂല്യം ഇടിയുകയും വിനിമയ നിരക്ക് ഉയരുകയും ചെയ്തു. രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് നേരിട്ടത് പ്രവാസികള്‍ക്ക് ഗുണകരമായിരിക്കുകയാണ്. ബുധനാഴ്ച വൈകിട്ട് വരെയുള്ള എക്സി റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ദിര്‍ഹത്തിന് 23.89 രൂപയാണ് വിനിമയ നിരക്ക് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി ഇത് 23.56 രൂപയായിരുന്നു. രാവിലെ വീണ്ടും ഉയര്‍ന്ന് 23.89 രൂപയിലെത്തുകയായിരുന്നു. യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്സ് എന്‍ബിഡിയില്‍ ഒരു ദിര്‍ഹത്തിന് 23.89 രൂപയാണ് കാണിച്ചത്. അടുത്ത കാലത്തുണ്ടായ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണിത്.
വിനിമയ നിരക്ക് ഇത്തരത്തില്‍ ഉയര്‍ന്ന നിരക്കില്‍ നിലനില്‍ക്കുകയാണെങ്കില്‍ വലിയ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. ശമ്പളം ലഭിച്ച് തുടങ്ങുന്നതോടെ വരും ദിവസങ്ങളില്‍ പണം അയയ്ക്കാന്‍ ആളുകളുടെ തിരക്കേറുമെന്നാണ് പണമിടപാട് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത്.
പ്രധാന സേവനദാതാക്കള്‍ റെമിറ്റന്‍സ് നിരക്കുകള്‍ കുറയ്ക്കാനും മറ്റ് ഹ്രസ്വകാല ഓഫറുകള്‍ നല്‍കാനും സാധ്യതയുണ്ട്.