1 Sept 2025 4:43 PM IST
Summary
ഇന്ത്യയുടെ വ്യാപാര കമ്മിയെക്കുറിച്ചുള്ള ആശങ്കകളും ശക്തം
താരിഫ് ആഘാതത്തില്‍ തകര്‍ന്ന് രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം 88 രൂപ കടന്നു. രൂപയുടെ പ്രകടനം സൂക്ഷ്മമായി നിരീക്ഷിച്ച് റിസര്‍വ് ബാങ്ക്.
88.30 എന്ന ഏറ്റവും താഴ്ന്ന നിലയും കടന്ന് രൂപ തകര്‍ന്നതോടെയാണ് വിപണിയില്‍ ആശങ്ക ശക്തമായത്. ഇതോടെയാണ് റിസര്‍വ് ബാങ്കും കറന്‍സി വിപണിയിലേക്ക് ശ്രദ്ധ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുഎസിന്റെ താരിഫിന് പുറമേ, ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിയുന്നത്, ഓഹരി വിപണിയുടെ തുടരുന്ന ചാഞ്ചാട്ടം എന്നിവയും രൂപയ്ക്ക് വെല്ലുവിളിയായി.
വിദേശനിക്ഷേപകരുടെ പിന്‍മാറ്റം മൂലം ഓഹരി വിപണിയിലുള്ള ഇടിവാണ് ഡോളര്‍ ഡിമാന്‍ഡ് കുത്തനെ ഉയര്‍ത്തുന്നതും. ഒപ്പം ഇന്ത്യയുടെ വ്യാപാര കമ്മിയെക്കുറിച്ചുള്ള ആശങ്കകളും ശക്തമാണ്.3 മാസത്തിനിടയിലെ ഏറ്റവും വലിയ ഇടിവിലാണ് കഴിഞ്ഞ രണ്ട് ദിവസമായി രൂപ തുടരുന്നത്. റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിച്ചാണ് രൂപയെ അല്‍പമെങ്കിലും കരകയറ്റിയത്. ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യം 6% ഇടിഞ്ഞെന്നാണ് കണക്ക്.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ പുരോഗതി കാണുന്നില്ലെങ്കില്‍, രൂപയുടെ മൂല്യത്തില്‍ സ്ഥിരത പ്രതീക്ഷിക്കാനാവില്ലെന്നാണ് കരൂര്‍ വൈശ്യ ബാങ്കിന്റെ ട്രഷറി മേധാവി വിആര്‍സി റെഡ്ഡി പറയുന്നത്.രൂപയുടെ മൂല്യം സ്ഥിരമായി ഇടിഞ്ഞാല്‍റിസര്‍വ് ബാങ്കിന്റെ കരുതല്‍ശേഖരത്തില്‍ വലിയ ഇടിവുണ്ടാകും.
ഇറക്കുമതിച്ചെലവു വന്‍തോതില്‍ കൂടും. ക്രൂഡ്ഓയിലിന്റെ 80% ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ ഇതു സാരമായി ബാധിക്കും. വളര്‍ച്ചാനിരക്ക് കുറയും. ഒപ്പം വിദേശ കടങ്ങളുടെ തിരിച്ചടവിനു ചെലവേറും.പണപ്പെരുപ്പം കൂടാനും സാധ്യതയുണ്ട്.