image

27 March 2026 12:13 PM IST

Economy

തക‍ർന്നടിഞ്ഞ് രൂപ, 1 ഡോള‍ർ 100 രൂപയിലേക്കോ? വരും സകലത്തിനും വില വർധന

MyFin Desk

തക‍ർന്നടിഞ്ഞ് രൂപ, 1 ഡോള‍ർ 100 രൂപയിലേക്കോ? വരും സകലത്തിനും വില വർധന
X

Summary

കേന്ദ്ര സർക്കാർ പെട്രോൾ ഡീസൽ എക്സൈസ് തീരുവ കുറച്ചെങ്കിലും രാജ്യത്തെ ഇറക്കുമതി ചെലവുകൾ ഉയരുന്നത് കനത്ത തിരിച്ചടിയാകും. ജീവിതച്ചെലവുകൾ ഉയരുന്നതിനനുസരിച്ച് ഇനി വരുമാന വ‍ർധനവ് ഉണ്ടായില്ലെങ്കിൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസഹമാകും.


ഡോളറിനെതിരെ വീണ്ടും മൂക്കുംകുത്തി വീണിരിക്കുകയാണ് രൂപ. റെക്കോർഡ് ഇടിവാണ് മൂല്യത്തിലുണ്ടായിരിക്കുന്നത്. 94.29 എന്ന നിലവാരത്തിലേക്കാണ് രൂപയുടെ മൂല്യം ഇടിവ്. . ബുധനാഴ്ച 93.98 എന്ന ലെവലിലായിരുന്നു ക്ലോസിങ്. പിന്നീട് 94.16 എന്നതിൽ നിന്ന് യൂണിറ്റിന് 18 പൈസയിലധകം ദുർബലമാകുകയായിരുന്നു.

ആഗോള നിക്ഷേപകർ യുഎസ് ഡോളറിലേക്ക് കൂടുതലായി തിരിയുന്നത് രൂപക്ക് കനത്ത തിരിച്ചടിയാണ്. എണ്ണ വില കുത്തനെ ഉയരുന്നത് രാജ്യത്തിന് ആശാവഹമല്ല. ഇന്ത്യയുടെ ഇറക്കുമതി ചെലവുകൾ കുത്തനെ ഉയരുകയാണ്.

വരുന്നു അവശ്യവസ്തുക്കൾക്ക് വില വർധന

എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലധികം ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിനാൽ ക്രൂഡോയിൽ വില ഉയരുന്നത് ഇന്ത്യയുടെ പണപ്പെരുപ്പം ഉയർത്തും.സാമ്പത്തിക രം​ഗം വീണ്ടും മന്ദ​ഗതിയിലാകും. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില വർദ്ധിക്കുന്നത് ദൈനംദിന ജീവിതത്തിലും സ്വാധീനം ചെലുത്തും. ഇന്ത്യ അവശ്യവസ്തുക്കളുടെ വലിയൊരു ശതമാനം ഇറക്കുമതി ചെയ്യുന്നതിനാൽ വിലക്കയറ്റം പ്രതീക്ഷിക്കാം. ഗാർഹിക ചെലവുകൾ ഉയരും.ജീവിതച്ചെലവുകൾ ഉയരുന്നതിനനുസരിച്ച് വരുമാന വ‍ർധനവ് ഉണ്ടായില്ലെങ്കിൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസഹമാകും.

ഇന്ധന വില ഉയരുന്നത് ഗതാഗത ചെലവുകളും പാചക വാതക വിലയും ഉയ‍ർത്തും. കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ചത് പ്രതിസന്ധി ഘട്ടത്തിൽ പൊതുജനങ്ങൾക്ക് ആശ്വാസമാണെങ്കിലും പെട്രോൾ, ഡീസൽ, എൽപിജി എന്നിവ ക്രമേണ കൂടുതൽ ചെലവേറിയതാകും. ഇത് ലോജിസ്റ്റിക്സ് ചെലവ് വർദ്ധിപ്പിക്കും. പഴം,പച്ചക്കറി എന്ന് വേണ്ട സകല അവശ്യവസ്തുക്കൾക്കും വില കൂടും. എക്സൈസ് തീരുവ കുറച്ചിരിക്കുന്നതിനാൽ പെട്ടെന്ന് സാധാരണക്കാരുടെ നിത്യജിവിതത്തെ ക്രൂഡ് വില വർധന ബാധിക്കില്ലെങ്കിലും വിവിധ വ്യവസായ മേഖലകളിൽ വിലക്കയറ്റം പ്രതീക്ഷിക്കാം.

ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് വില ഉയരും

ടിവിയും ​ഗാഡ്ജറ്റുകളുമുൾപ്പെടെ ഇറക്കുമതി ചെയ്യുന്ന സകല ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും ഇനി വില കൂടും എന്ന് മാത്രമല്ല സെമികണ്ടക്ടറുകളുടെ ഇറക്കുമതി ചെലവ് ഉയരുന്നതിനാൽ സകല ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കും വില വ‍ർധന പ്രതീക്ഷിക്കാം. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വില വർധനയും തൊട്ടുപിന്നാലെയുണ്ടാകും. വിമാനയാത്രാ ചെലവുകൾ ഇപ്പോൾ തന്നെ കുത്തനെ ഉയ‍ർന്നു കഴിഞ്ഞു.