image

16 Aug 2025 2:29 PM IST

Economy

രാജ്യത്തെ ഗ്രാമീണ സമ്പദ് വ്യവസ്ഥ കരുത്താര്‍ജ്ജിക്കുന്നതായി റിപ്പോര്‍ട്ട്

MyFin Desk

countrys rural economy is strengthening, according to a report
X

Summary

ഗ്രാമീണ വേതനത്തില്‍ വര്‍ദ്ധനവ്


ഇന്ത്യയുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥ കരുത്താര്‍ജ്ജിക്കുന്നു. ശക്തമായ മണ്‍സൂണ്‍ കാര്‍ഷിക ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. വരും പാദങ്ങളില്‍ കാര്‍ഷിക ഉല്‍പാദനക്ഷമത മെച്ചപ്പെടുകയും മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

മണ്‍സൂണ്‍ സീസണിന്റെ ശക്തമായ തുടക്കം, ഗ്രാമീണ വേതനത്തിലെ വര്‍ദ്ധന, എന്നിവ ഇന്ത്യയുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥ ശക്തിപ്രാപിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് ആംബിറ്റ് അസറ്റ് മാനേജ്മെന്റ് റിപ്പോര്‍ട്ട് പറയുന്നു.

2026 സാമ്പത്തിക വര്‍ഷത്തില്‍ മണ്‍സൂണ്‍ പ്രതീക്ഷ നല്‍കുന്ന രീതിയില്‍ ആരംഭിച്ചിട്ടുണ്ടെന്നും ജൂണില്‍ ദീര്‍ഘകാല ശരാശരിയുടെ 105 ശതമാനം മഴ ലഭിച്ചതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, നാടന്‍ ധാന്യങ്ങള്‍ എന്നിവ വിതയ്ക്കുന്നതിന് ഇത് വളരെ പ്രധാനമാണ്. ജൂലൈയില്‍ ഖാരിഫ് വിതയ്ക്കല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 8 ശതമാനം മുന്നിലാണ്. വര്‍ഷങ്ങളുടെ സ്തംഭനാവസ്ഥയ്ക്ക് ശേഷം, ഗ്രാമീണ വേതനത്തില്‍ (കാര്‍ഷികവും കാര്‍ഷികേതരവും) പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തില്‍ യഥാര്‍ത്ഥ വേതന വളര്‍ച്ച പോസിറ്റീവ് ആയി. പണപ്പെരുപ്പം കുറയുന്നതും സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും ഇതിന് സഹായിച്ചു.

വേതന വളര്‍ച്ചയിലെ ഈ കുതിപ്പ് ഗ്രാമീണ പണലഭ്യത വര്‍ദ്ധിപ്പിക്കുകയും ഗാര്‍ഹിക സമ്പാദ്യം പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുകയും ചെയ്യും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ ഗ്രാമീണ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. വേതന സ്തംഭനാവസ്ഥ, എഫ്എംസിജി, റീട്ടെയില്‍, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ദുര്‍ബലമായ ആവശ്യകത, കോവിഡ്-19 -ന്റെ പ്രത്യാഘാതങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഗ്രാമീണ ആവശ്യകതയുടെ ഒരു പ്രധാന സൂചകമായ എഫ്എംസിജി മേഖല, 2020 സാമ്പത്തിക വര്‍ഷത്തിനും 2024 സാമ്പത്തിക വര്‍ഷത്തിനും ഇടയില്‍ വരുമാനത്തില്‍ മാന്ദ്യം നേരിട്ടിരുന്നു.