13 Sept 2025 3:59 PM IST
Summary
വന്‍കിട കമ്പനികളില്‍ നിക്ഷേപം നടത്താനുള്ള അവസരം ചെറുകിടക്കാര്‍ക്ക് ലഭിക്കും
വമ്പന്‍ കമ്പനികളെ വിപണിയിലെത്തിക്കാന്‍ ഐപിഒ നടപടികളില്‍ ഇളവ് അനുവദിച്ച് സെബി. വിദേശ നിക്ഷേപകരുടെ വിപണി പ്രവേശനം, കക്ഷി ഇടപാടുകള്‍ എന്നിവയിലും മാറ്റം. 1957ലെ സെക്യൂരിറ്റീസ് കോണ്‍ട്രാക്റ്റ്സ് നിയമങ്ങളിലാണ് ഭേദഗതി കൊണ്ടുവരുന്നത്.
സെബിയുടെ നിലവിലെ വ്യവസ്ഥ പ്രകാരം, ഇഷ്യുവിന് ശേഷമുള്ള മൂലധനം ലക്ഷം കോടിക്ക് മുകളിലാണെങ്കില്‍ ഐ.പി.ഒവഴി അഞ്ച് ശതമാനം ഓഹരികളെങ്കിലും കമ്പനി പുറത്തിറക്കണം. അതായത് 5,000 കോടി രൂപയുടെ ഓഹരി. എന്നാല്‍ ഇനി ഇതിന് സമയം ലഭിക്കും.
ലിസ്റ്റിംഗില്‍ പൊതു ഓഹരി പങ്കാളിത്തം 15 ശതമാനത്തില്‍ താഴെയാണെങ്കില്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ 15 ശതമാനമായും ശേഷം പത്ത് വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായും ഉയര്‍ത്തണം. ലിസ്റ്റിംഗില്‍ ഇത് 15 ശതമാനമോ അതില്‍ കൂടുതലോ ആണെങ്കില്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ 25 ശതമാനം പരിധി പാലിക്കണം. 2.5 ശതമാനം മാത്രം ഓഹരികള്‍ വിറ്റഴിക്കാനുള്ള അവസരമാണ് ഇതിലൂടെ കമ്പനികള്‍ക്ക് ലഭിക്കുക. അതായത് 2,500 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ പുറത്തിറക്കാം.
കുറഞ്ഞ തുകയ്ക്ക് ഐപിഒ നടത്താനാകും.മികച്ച വന്‍കിട കമ്പനികളില്‍ നിക്ഷേപം നടത്താനുള്ള അവസരം ചെറുകിടക്കാര്‍ക്ക് ലഭിക്കുകയുംചെയ്യും. ആങ്കര്‍ നിക്ഷേപക മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച 2018ലെ മൂലധന ചട്ടങ്ങളിലെ മാറ്റങ്ങളും സെബി അംഗീകരിച്ചു. ഇതോടെ മ്യൂച്വല്‍ ഫണ്ടുകള്‍ക്കൊപ്പം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും പെന്‍ഷന്‍ ഫണ്ടുകളും ഇപ്പോള്‍ റിസര്‍വ്ഡ് ആങ്കര്‍ നിക്ഷേപക വിഭാഗത്തില്‍ ഉള്‍പ്പെടും. കൂടാതെ മൊത്ത ആങ്കര്‍ റിസര്‍വേഷന്‍ മൂന്നിലൊന്നില്‍ നിന്ന് 40 ശതമാനമായും വര്‍ദ്ധിപ്പിച്ചു.