5 Aug 2025 12:57 PM IST
Summary
മികച്ച അന്താരാഷ്ട്ര ആവശ്യകതയും സ്ഥിരമായ ആഭ്യന്തര വില്‍പ്പനയും സേവനമേഖലക്ക് കരുത്തായി
ജൂലൈയില്‍ രാജ്യത്തെ സേവന മേഖലയിലെ വളര്‍ച്ച 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി സര്‍വേ. മികച്ച അന്താരാഷ്ട്ര ആവശ്യകതയും സ്ഥിരമായ ആഭ്യന്തര വില്‍പ്പനയും ഇതിന് കാരണമായി.
എസ് ആന്റ് പി ഗ്ലോബല്‍ സമാഹരിച്ച എച്ച്എസ്ബിസി ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്‌സ് (പിഎംഐ) ജൂണിലെ 60.4 ല്‍ നിന്ന് ജൂലൈയില്‍ 60.5 ആയാണ് ഉയര്‍ന്നത്.
50.0 ന് മുകളിലുള്ള പിഎംഐ റീഡിംഗുകള്‍ പ്രതിമാസ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനത്തിലെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ റീഡിംഗുകള്‍ കാണിക്കുന്നത് സേവന മേഖല നാല് വര്‍ഷമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്നാണ്.
അന്താരാഷ്ട്ര ആവശ്യകതയുടെ ഒരു പ്രധാന സൂചകമായ പുതിയ കയറ്റുമതി ബിസിനസ് ഉപ സൂചിക ജൂലൈയില്‍ ശ്രദ്ധേയമായ വര്‍ധനവ് കാണിച്ചു.
സേവന മേഖലയില്‍, ധനകാര്യ, ഇന്‍ഷുറന്‍സ് കമ്പനികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.അതേസമയം റിയല്‍ എസ്റ്റേറ്റും ബിസിനസ് സേവനങ്ങളും മന്ദഗതിയിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ശക്തമായ ഡിമാന്‍ഡ് ഉണ്ടായിരുന്നിട്ടും, സ്ഥാപനങ്ങളുടെ നിയമന വേഗത 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.
ഭക്ഷ്യവസ്തുക്കള്‍, ചരക്ക്, തൊഴില്‍ എന്നിവയ്ക്കുള്ള ഉയര്‍ന്ന ചെലവുകള്‍ സ്ഥാപനങ്ങള്‍ നേരിട്ടതിനാല്‍ ജൂലൈയില്‍ വില സമ്മര്‍ദ്ദം രൂക്ഷമായി. സേവന ദാതാക്കള്‍ ഈ വര്‍ദ്ധനവ് ഉപഭോക്താക്കള്‍ക്ക് കൈമാറി.
പണപ്പെരുപ്പത്തിലെ ഏതൊരു വര്‍ദ്ധനയും റിസര്‍വ് ബാങ്കിന്റെ പണനയ തീരുമാനങ്ങളെ ബാധിച്ചേക്കാം. ഓഗസ്റ്റ് 4-6 തീയതികളിലെ യോഗത്തില്‍ കേന്ദ്ര ബാങ്ക് അതിന്റെ റിപ്പോ നിരക്ക് 5.50% ല്‍ സ്ഥിരമായി നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉല്‍പ്പാദനം ഉള്‍പ്പെടുന്ന എച്ച്എസ്ബിസി ഇന്ത്യ കോമ്പോസിറ്റ് പിഎംഐ ഔട്ട്പുട്ട് സൂചിക ജൂണിലെ 61.0 ല്‍ നിന്ന് ജൂലൈയില്‍ 61.1 ആയി ഉയര്‍ന്നു. ഇത് 2024 ഏപ്രിലിനു ശേഷമുള്ള ഏറ്റവും ശക്തമായ വികാസത്തെ സൂചിപ്പിക്കുന്നു.