24 Jun 2025 11:36 AM IST
Summary
- നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം 6.5 ശതമാനമായാണ് ഉയര്‍ത്തിയത്
- മണ്‍സൂണ്‍, അസംസ്‌കൃത എണ്ണ വിലയിലെ കുറവ്, പണലഭ്യത ഇവ രാജ്യത്തിന് അനുകൂലം
എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി പ്രവചനം 6.5 ശതമാനമായി ഉയര്‍ത്തി. മുമ്പ് ഇത് 6.3 ശതമാനമായിരുന്നു. മണ്‍സൂണ്‍, അസംസ്‌കൃത എണ്ണ വിലയിലെ കുറവ്, പണലഭ്യത എന്നിവ കണക്കിലെടുത്താണ് പ്രവചനം പരിഷ്‌കരിച്ചത്.
ഈ മാസം ആദ്യം കേന്ദ്ര ബാങ്ക് ആര്‍ബിഐ നടത്തിയ 6.5 ശതമാനം വളര്‍ച്ചാ പ്രവചനങ്ങള്‍ക്ക് അനുസൃതമാണ് എസ് ആന്റ് പി ഇപ്പോള്‍ നടത്തിയ പരിഷ്‌കരണം.
മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ, വ്യാപാര വിന്യാസങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒരു ആഗോള നിക്ഷേപ കേന്ദ്രമായി സ്ഥാനം പിടിക്കുന്ന സമയത്താണ് മെച്ചപ്പെട്ട പ്രവചനം വരുന്നത്. എങ്കിലും, വളര്‍ച്ചയെ ബാധിച്ചേക്കാവുന്ന ആഗോള സാമ്പത്തിക അസ്ഥിരത, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടങ്ങിയ ബാഹ്യ അപകടസാധ്യതകളെക്കുറിച്ച് എസ് & പി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ ശക്തമായ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇത് മികച്ച ആഭ്യന്തര ആവശ്യം, വര്‍ദ്ധിച്ചുവരുന്ന സ്വകാര്യ ഉപഭോഗം, പൊതു നിക്ഷേപം എന്നിവയാല്‍ നയിക്കപ്പെടുന്നതായി ഏജന്‍സി അിപ്രായപ്പെട്ടു.
''ഉല്‍പ്പന്നങ്ങളുടെ വില കുറയുന്നതും, പ്രത്യേകിച്ച് ക്രൂഡോയില്‍ വില കുറയുന്നതും, ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും കൂടിച്ചേര്‍ന്ന് വരും പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു,'' എസ് & പി അതിന്റെ ഏറ്റവും പുതിയ പ്രാദേശിക വീക്ഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഇന്ത്യ അതിന്റെ അസംസ്‌കൃത എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 90 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നു. കൂടാതെ അതിന്റെ പ്രകൃതിവാതകത്തിന്റെ പകുതിയോളം വിദേശത്തു നിന്നാണ് വാങ്ങുന്നത്.
ഇന്ത്യയുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയ്ക്ക് സാധാരണ മണ്‍സൂണ്‍ നിര്‍ണായകമാണ്. ഈ വര്‍ഷം സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഇതിനകം പ്രവചിച്ചിട്ടുണ്ട്. ഇത് ഗ്രാമീണ ഉപഭോഗം വീണ്ടെടുക്കുന്നതിനും കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം നല്‍കുന്നതിനുമുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.
അതേസമയം യുഎസ് ഇറക്കുമതി തീരുവകളിലെ വര്‍ദ്ധനവും അവയെക്കുറിച്ചുള്ള അനിശ്ചിതത്വവും ആഗോളതലത്തില്‍ വ്യാപാരം, നിക്ഷേപം, വളര്‍ച്ച എന്നിവയെ ദോഷകരമായി ബാധിക്കുമെന്നും എസ് ആന്‍ഡ് പി റിപ്പോര്‍ട്ടില്‍ പറയുന്നു.