26 Aug 2025 2:35 PM IST
Summary
ഇ വിറ്റാര നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും
സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ആറ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 70,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി പ്രസിഡന്റ് തോഷിഹിരോ സുസുക്കി വ്യക്തമാക്കി.
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാര ഗുജറാത്തില്‍ പ്രധാനമന്ത്രി പുറത്തിറക്കി. 100ലധികം രാജ്യങ്ങളിലേക്കാണ് ഇ-വിറ്റാര കയറ്റുമതി ചെയ്യുക. ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ലിഥിയം-അയണ്‍ ബാറ്ററി സെല്ലുകളുടെ ഉത്പാദനവും മോദി ഉദ്ഘാടനം ചെയ്തു.
'അടുത്ത 5 മുതല്‍ 6 വര്‍ഷത്തിനുള്ളില്‍ സുസുക്കി ഇന്ത്യയില്‍ 70,000 കോടിയിലധികം നിക്ഷേപിക്കുമെന്ന്' ചടങ്ങില്‍ സംസാരിച്ച തോഷിഹിരോ സുസുക്കി പറഞ്ഞു.
'നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ മൊബിലിറ്റി യാത്രയില്‍ സുസുക്കി പങ്കാളിയാണ്. സുസ്ഥിര ഹരിത മൊബിലിറ്റി എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനും വികസിത് ഭാരതിന് സംഭാവന നല്‍കുന്നതിനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുസുക്കി ഗ്രൂപ്പ് ഇതിനകം തന്നെ ഇന്ത്യയില്‍ ഒരു ലക്ഷം കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ നിക്ഷേപങ്ങള്‍ മൂല്യ ശൃംഖലയില്‍ 11 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമായി.
ഇ-വിറ്റാരയുടെ ആദ്യ ബാച്ച് പിപാവാവ് തുറമുഖത്ത് നിന്ന് യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, നോര്‍വേ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, സ്വീഡന്‍, ഹംഗറി, ഐസ്ലാന്‍ഡ്, ഇറ്റലി, ഓസ്ട്രിയ, ബെല്‍ജിയം എന്നിവയുള്‍പ്പെടെയുള്ള യൂറോപ്യന്‍ മേഖലയിലേക്ക് അയയ്ക്കും.