1 Aug 2025 2:07 PM IST
Summary
- യുഎസ് താരിഫ് ആഗോള വ്യാപാരത്തില്‍ പുനഃക്രമീകരണങ്ങള്‍ക്ക് കാരണമാകും
- യുഎസ് തീരുവയെ എതിര്‍ത്ത് കാനഡ
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 25 ശതമാനം തീരുവ താല്‍ക്കാലിക തിരിച്ചടി മാത്രമെന്ന് വിദഗ്ധര്‍. ആഗോള വ്യാപാര രീതികള്‍ പുനഃസ്ഥാപിക്കുമ്പോള്‍ ഒടുവില്‍ പുതിയ വിപണി അവസരങ്ങള്‍ തുറക്കുമെന്ന് സോള്‍വെന്റ് എക്‌സ്ട്രാക്‌റ്റേഴ്സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി വി മേത്ത പറഞ്ഞു.
താരിഫ് നടപടിയെ വിശാലമായ ഒരു പശ്ചാത്തലത്തില്‍ കാണണമെന്ന് മേത്ത പറഞ്ഞു.
'മറ്റ് രാജ്യങ്ങള്‍ക്കും സമാനമായതോ ഇതിലും ഉയര്‍ന്നതോ ആയ താരിഫുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇത്തരം നടപടികള്‍ പലപ്പോഴും ആഗോള വ്യാപാരത്തില്‍ പുനഃക്രമീകരണങ്ങള്‍ക്ക് കാരണമാകും. ഇത് ഇന്ത്യന്‍ ഉല്‍പ്പാദകര്‍ക്ക് പുതിയ വിപണി അവസരങ്ങള്‍ തുറന്നേക്കാം,' അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വളരുന്ന ആഭ്യന്തര വിപണി ബാഹ്യ വ്യാപാര തടസ്സങ്ങള്‍ക്കെതിരെ ഒരു ബഫറായി വര്‍ത്തിക്കുമെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഊന്നിപ്പറഞ്ഞു.
ആഗോള വ്യാപാര അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖലയെ സംരക്ഷിക്കേണ്ടതിന്റെ നിര്‍ണായക പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
അതേസമയം സ്വന്തം അയല്‍ രാജ്യമായ കാനഡയുടെ താരിഫ് നിരക്ക് നിലവിലുള്ള 25 ശതമാനത്തില്‍നിന്ന് 35 ശതമാനമായും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്.
നേരത്തെ, പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന കാനഡയുടെ പ്രഖ്യാപനം അമേരിക്കയ്ക്ക് അതിന്റെ വടക്കന്‍ അയല്‍ക്കാരുമായി ഒരു വ്യാപാര കരാറിലെത്തുന്നത് 'വളരെ ബുദ്ധിമുട്ടാകും' എന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു.
അതേസമയം ട്രംപിന്റെ താരിഫിനെതിരെ കാനഡ പരസ്യമായി പ്രതികരിച്ചു. കാനഡ അതിന്റെ വിപണികള്‍ വൈവിധ്യവല്‍ക്കരിക്കുമെന്നും പ്രധാനമന്ത്ര മാര്‍ക്ക് കാര്‍ണി പ്രസ്താവിച്ചു.