31 July 2025 4:51 PM IST
Summary
യുഎസ് താരിഫ് ആഘാതവും രൂപയുടെ ഇടിവും തിരിച്ചടിയാകും
ഓഗസ്റ്റിലെ പണനയത്തില്‍ റിപ്പോ നിരക്ക് കുറയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. ട്രംപിന്റെ താരിഫ് ആഘാതവും രൂപയുടെ ഇടിവും തിരിച്ചടിയാകുമെന്നും റിപ്പോര്‍ട്ട്.
താരിഫുകള്‍ രാജ്യത്ത് വിദേശ നിക്ഷേപ അനിശ്ചിതത്വത്തിന് കാരണമാകും. വിദേശ പണമൊഴുക്ക് തടസ്സപ്പെടാം. കൂടാതെ രൂപ, അഞ്ച് മാസത്തെ താഴ്ചയിലാണ്. ഇവ രണ്ടും വെല്ലുവിളിയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ഈ അസ്ഥിരത റിസര്‍വ് ബാങ്കിന്റെ ധനനയത്തെ ബാധിക്കും. ജാഗ്രതയോടെ കാത്തിരിക്കുക എന്ന സമീപനമായിരിക്കും ഓഗസ്റ്റിലെ പണനയത്തില്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുകയെന്നും എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍സിലെ സാമ്പത്തിക വിദഗ്ദ്ധ മാധവി അറോറ പറഞ്ഞു.
ബാര്‍ക്ലേസിലെ സാമ്പത്തിക വിദഗ്ദ്ധയായ ആസ്ത ഗുഡ്വാനി പറയുന്നത് താരിഫ് ജിഡിപിയില്‍ 30 ബേസിസ് പോയിന്റുകള്‍ കുറയ്ക്കുമെന്നാണ്. 'വെയ്റ്റ് ആന്‍ഡ് വാച്ച്' സമീപനം റിസര്‍വ് ബാങ്ക് സ്വീകരിക്കുമെന്നാണ് ബാങ്ക് ഓഫ് ബറോഡയിലെ സാമ്പത്തിക വിദഗ്ധയായ ദീപന്‍വിത മജുംദാറും പറഞ്ഞത്.
പിരമല്‍ ഗ്രൂപ്പിലെ ചീഫ് ഇക്കണോമിസ്റ്റായ ദേബോപം ചൗധരി നിരക്ക് 5.5 ശതമാനമായി നിലനിര്‍ത്തുമെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ ഒക്ടോബറില്‍ 25 ബേസിസ് പോയിന്റുകളുടെ നിരക്ക് കുറവ് പ്രതീക്ഷിക്കാമെന്നും അവര്‍ വ്യക്തമാക്കി.ഇന്ത്യ-യുഎസ് ബന്ധത്തില്‍ പുതിയ ചര്‍ച്ചയുടെ തുടക്കമായി ഇതിനെ കാണാമെന്നാണ് എച്ച്എസ്ബിസി ഹോള്‍ഡിംഗ്സിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുല്‍ ഭണ്ഡാരി വ്യക്തമാക്കിയത്.