image

18 Sept 2025 2:28 PM IST

Economy

താരിഫ് പ്രശ്‌നം രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ

MyFin Desk

താരിഫ് പ്രശ്‌നം രണ്ടുമാസത്തിനുള്ളില്‍   പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ
X

Summary

യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി ഇടിഞ്ഞു


യുഎസുമായുള്ള താരിഫ് പ്രശ്‌നം രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍. കൊല്‍ക്കത്തയില്‍ ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.അടുത്ത എട്ട് മുതല്‍ പത്ത് ആഴ്ചകള്‍ക്കുള്ളില്‍, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ പിഴ തീരുവയ്ക്ക് ഒരു പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്-അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റില്‍ ഇന്ത്യന്‍ കയറ്റുമതിക്ക് യുഎസ് 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയതോടെ മൊത്തം ലെവി 50 ശതമാനമായി. യുഎസ് ഉപരോധങ്ങള്‍ക്കിടയിലും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതാണ് അധിക തീരുവ ചുമത്താനുള്ള കാരണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ന്യൂഡല്‍ഹിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയെ ഈ തീരുമാനം ബാധിച്ചു. ജൂലൈയില്‍ ഇത് 8.01 ബില്യണ്‍ ഡോളറായിരുന്നു, ഓഗസ്റ്റില്‍ ഇത് 6.86 ബില്യണ്‍ ഡോളറായി കുറഞ്ഞു. മൊത്തത്തിലുള്ള കയറ്റുമതി ജൂലൈയില്‍ ഇത് 37.24 ബില്യണ്‍ ഡോളറായിരുന്നു. ജൂലൈയില്‍ ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 35.10 ബില്യണ്‍ ഡോളറായി കുറഞ്ഞു.

സേവന വ്യാപാരം ഓഗസ്റ്റില്‍ ഒരു പരിധിവരെ ആശ്വാസം നല്‍കി. സേവനങ്ങളുടെ കയറ്റുമതി 34.06 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു. അതേസമയം ഇറക്കുമതി 17.45 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത് ഓഗസ്റ്റില്‍ മൊത്തം ചരക്ക് സേവന വ്യാപാര കമ്മി 9.88 ബില്യണ്‍ ഡോളറായി.

കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യയും യുഎസ് ഭരണകൂടവും വ്യാപാരം സംബന്ധിച്ച ചര്‍ച്ചകള്‍ പുതുക്കിയിട്ടുണ്ട്. ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധവും മെച്ചപ്പെട്ടതായാണ് സൂചനകള്‍. പ്രധാനമന്ത്രി മോദിയുടെ 75-ാം ജന്മദിനത്തില്‍ ട്രംപ് അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമമായി ഇത് വ്യാപകമായി വിലയിരുത്തപ്പെടുന്നു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രധാനമന്ത്രി തള്ളിക്കളഞ്ഞിരുന്നു. അതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള സംഭാഷണമായിരുന്നു ഇത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഈ കാലയളവില്‍ ട്രംപില്‍ നിന്നുള്ള നാല് ഫോണ്‍ കോളുകള്‍ പോലും പ്രധാനമന്ത്രി നിരസിച്ചിരുന്നു.