12 Sept 2025 4:39 PM IST
Summary
പുതിയ താരിഫ് ആശങ്ക ഇറക്കുമതിക്കാരില്‍ ശക്തം
ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ചയില്‍. മൂല്യം 88.29ലേക്ക് ഇടിഞ്ഞു. തിരിച്ചടിയായത് ട്രംപിന്റെ താരിഫ് ആഘാതം.
യുഎസ് പുതിയ താരിഫുകള്‍ ഏര്‍പ്പെടുത്തുമോ എന്ന ആശങ്ക ഇറക്കുമതിക്കാരില്‍ ശക്തമാണ്. ഇത് ആഗോള തലത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. നിക്ഷേപകരെ യുഎസ് ഡോളറിന്റെ സുരക്ഷയിലേക്ക് പണം മാറ്റാന്‍ പ്രേരിപ്പിച്ചതും ഇതാണ്.
ഒപ്പം ഇന്ത്യന്‍ ഇറക്കുമതിക്കാരില്‍ നിന്ന് ഡോളറിന് ശക്തമായ ആവശ്യമാണുണ്ടായത്. പ്രത്യേകിച്ച് എണ്ണ, ഇലക്ട്രോണിക്സ് കമ്പനികളില്‍ നിന്ന്. കമ്പനികളുടെ ഇറക്കുമതിക്ക് പണം നല്‍കാന്‍ കൂടുതല്‍ യുഎസ് ഡോളര്‍ ആവശ്യമാണ്. ഇതാണ് രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയെ വലച്ചു.
അതേസമയം ഈ പ്രവണത തുടര്‍ന്നാല്‍ ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് വില കൂടാന്‍ കാരണമാവും. രാജ്യത്ത് അവശ്യവസ്തുക്കളുടെ വില, പണപ്പെരുപ്പം എന്നിവ കൂടും. ഒപ്പം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരക്കമ്മി എന്നിവ കൂടുന്നത് സമ്പദ് വ്യവസ്ഥയെ സമ്മര്‍ദത്തിലാക്കുകയും ചെയ്യും.