19 May 2025 4:45 PM IST
Summary
- വളര്‍ച്ചാ പ്രവചനം 1.3 ശതമാനത്തില്‍നിന്ന് 0.9 ആയാണ് കുറച്ചത്
- അടുത്തവര്‍ഷവും നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്
യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയില്‍ കരിനിഴല്‍ വീഴ്ത്തി ട്രംപിന്റെ താരിഫ് നയം. ഇത് യൂറോപ്യന്‍ ഉദ്യോഗസ്ഥരെ ഈ വര്‍ഷത്തേയും അടുത്ത വര്‍ഷത്തേയും വളര്‍ച്ചാ പ്രവചനങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്നു.
യൂറോ കറന്‍സി ഉപയോഗിക്കുന്ന 20 രാജ്യങ്ങളുടെ ഈ വര്‍ഷത്തെ പ്രവചനം നവംബറിലെ മുന്‍ പ്രവചനത്തില്‍ നിന്ന് 0.9 ശതമാനമായാണ് യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് കമ്മീഷന്‍ കുറച്ചത്. നേരത്തെ ഇത് 1.3 ശതമാനമായിരുന്നു.2026-ലെ പ്രവചനം 1.6 ശതമാനത്തില്‍ നിന്ന് 1.4 ശതമാനമായും കുറച്ചു.
വളര്‍ച്ചാ നിരക്ക് കുറയാനുള്ള ഒരു കാരണം ജര്‍മ്മനിയിലെ സമ്പദ് വ്യവസ്ഥയിലെ സ്തംഭനാവസ്ഥയാണ്. രണ്ട് വര്‍ഷത്തെ ഉല്‍പാദന ഇടിവിന് ശേഷം ഈ വര്‍ഷം വളര്‍ച്ച പൂജ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ജര്‍മ്മനിയുടെ സമ്പദ് വ്യവസ്ഥ കയറ്റുമതിയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. റഷ്യന്‍ പ്രകൃതിവാതകത്തിന്റെ നഷ്ടത്തെത്തുടര്‍ന്ന് ഊര്‍ജ്ജ ചെലവുകള്‍ ഉയര്‍ന്നു. ഓട്ടോമൊബൈല്‍, വ്യാവസായിക യന്ത്രങ്ങള്‍ എന്നിവയില്‍ ചൈനയില്‍ നിന്നുള്ള മത്സരം കടുത്തതും ജര്‍മ്മനിക്ക് തിരിച്ചടിയായി.
യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് 20 ശതമാനം യുഎസ് തീരുവ ചുമത്താനുള്ള നിര്‍ദ്ദേശവും 90 ദിവസത്തേക്ക് അത് നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദ്ദേശവും കോവിഡിനുശേഷമുള്ള അനിശ്ചിതത്വത്തിന് കാരണമായി.
യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ 'പ്രതിരോധശേഷിയുള്ളതായി' തുടരുന്നുണ്ടെന്നും തൊഴില്‍ വിപണി മികച്ചതാണെന്നും വിലയിരുത്തപ്പെടുന്നു.അടുത്ത വര്‍ഷം തൊഴിലില്ലായ്മ റെക്കോര്‍ഡ് താഴ്ന്ന 5.7 ശതമാനമായി കുറയുമെന്ന് കമ്മീഷന്‍ പ്രവചിക്കുന്നു.
യൂറോപ്യന്‍ യൂണിയന്റെ ഉന്നത വ്യാപാര ഉദ്യോഗസ്ഥനായ മാരോസ് സെഫ്‌കോവിച്ച് ഭരണകൂട ഉദ്യോഗസ്ഥരുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ടെങ്കിലും ട്രംപ് നിരക്ക് കുറയ്ക്കാന്‍ എത്രത്തോളം തയ്യാറാകുമെന്ന് വ്യക്തമല്ല.