27 Aug 2025 9:15 AM IST
Summary
യുഎസിലേക്കുള്ള കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും പുതിയ താരിഫ് വലയില്‍ കുടുങ്ങും
അമേരിക്കയുടെ അധിക താരിഫ് ഇന്ന് രാത്രിമുതല്‍ നിലവില്‍വരും. യുഎസിന്റെ നടപടി തൊഴിലവസരങ്ങള്‍, കയറ്റുമതി, സാമ്പത്തിക വളര്‍ച്ച എന്നിവ അപകടത്തിലാക്കിയേക്കുമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേല്‍ ഇതിനകം തന്നെ 25 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയും സൈനിക ഉപകരണങ്ങളും ഇന്ത്യ തുടര്‍ച്ചയായി വാങ്ങുന്നതിനുള്ള പ്രതികാരമായി മറ്റൊരു 25 ശതമാനം കൂടി ഇന്ന് പ്രാബല്യത്തില്‍ വരും.
സാമ്പത്തിക തിങ്ക് ടാങ്ക് ജിടിആര്‍ഐയുടെ അഭിപ്രായത്തില്‍, ആഘാതം വ്യാപകമായിരിക്കും. ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും പുതിയ താരിഫ് വലയില്‍ കുടുങ്ങും. ഇത് ഏകദേശം 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ്. തീരുവ അമേരിക്കന്‍ വിപണികളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെ ചെലവേറിയതാക്കും. അതുവഴി ഇന്ത്യയുടെ മത്സരശേഷി ഇല്ലാതാക്കും.
ഇന്ത്യ എണ്ണ ഇറക്കുമതി നടത്തുന്നത് അത് സാമ്പത്തികമായി ലാഭകരമായതിനാലാണ്. ഇപ്പോള്‍, നമ്മള്‍ റഷ്യന്‍ എണ്ണ വാങ്ങിയില്ലെങ്കില്‍, നമ്മള്‍ സാമ്പത്തികമായി കാര്യക്ഷമമല്ലാതാകും. അതിനാല്‍ റഷ്യന്‍ ഇറക്കുമതി ഒഴിവാക്കാനാകില്ല- ഇന്ത്യ നേരിടുന്ന ദുഷ്‌കരമായ സാഹചര്യത്തെക്കുറിച്ച് മുന്‍ ഐസിഎഐ പ്രസിഡന്റ് വേദ് ജെയിന്‍ വിശദീകരിച്ചു.
റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ ഞങ്ങള്‍ സാമ്പത്തികമായി കാര്യക്ഷമമായി തുടരും, പക്ഷേ കയറ്റുമതിയുടെ രൂപത്തില്‍ നമുക്ക് വരുന്ന വെല്ലുവിളികള്‍ നാം നേരിടും-ജെയിന്‍ കൂട്ടിച്ചേര്‍ത്തു.
താരിഫ് കാരണം തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, പരവതാനികള്‍, ചെമ്മീന്‍, ഫര്‍ണിച്ചര്‍ തുടങ്ങിയ തൊഴില്‍ മേഖലകള്‍ കടുത്ത ആഘാതത്തെ നേരിടേണ്ടിവരും. ചെറുകിട, ഇടത്തരം ബിസിനസുകള്‍ പ്രത്യേകിച്ച് ദുര്‍ബലമാണ്, വ്യാപകമായ തൊഴില്‍ നഷ്ടം രാജ്യത്ത് പ്രതീക്ഷിക്കപ്പെടുന്നു. ഇത് മറികടക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്.
എന്നാല്‍ ഈ നാശനഷ്ടം ഇന്ത്യയില്‍ മാത്രമായി പരിമിതപ്പെടില്ലെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന വിലകളുടെയും മന്ദഗതിയിലുള്ള വളര്‍ച്ചയുടെയും രൂപത്തില്‍ യുഎസിന് തന്നെ സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വന്നേക്കാം. യുഎസില്‍രണ്ട് ശതമാനം പണപ്പെരുപ്പം പോലും അസഹനീയമാണ്.
ചൈന, വിയറ്റ്‌നാം, മെക്‌സിക്കോ, തുര്‍ക്കി തുടങ്ങിയ എതിരാളികളായിരിക്കും ഇന്ത്യയെ പിന്തള്ളി യുഎസ് വിപണി കീഴടക്കുക. ഇത് രാജ്യത്തിന്റെ തിരിച്ചുവരവിന് വിഘാതമാകുമെന്നും വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.