13 Sept 2025 4:36 PM IST
Summary
രാജ്യത്തിന്റെ സാമ്പത്തികാരോഗ്യ സൂചിക നെഗറ്റീവ് 0.5 ആയി ഇടിഞ്ഞു
ട്രംപിന്റെ 50 ശതമാനം തീരുവയില്‍ ഇന്ത്യന്‍ ഓഹരി വിപണിക്കേറ്റത് കനത്ത തിരിച്ചടി. വിപണിയിലെ ചാഞ്ചാട്ടം തുടരാന്‍ സാധ്യത. രാജ്യത്തിന്റെ സാമ്പത്തികാരോഗ്യ സൂചിക നെഗറ്റീവ് 0.5 ആയി ഇടിഞ്ഞുവെന്നും ക്രിസില്‍.
ജൂലൈയിലെ നെഗറ്റീവ് 0.4 നിലവാരത്തില്‍ നിന്നാണ് ഈ ഇടിവ് സംഭവിച്ചത്. പണം, കടം, ഇക്വിറ്റി, വിദേശനാണ്യ വിപണി ഇവയുടെ നിലവിലെ അവസ്ഥയാണ് ഫിനാന്‍ഷ്യല്‍ കണ്ടീഷന്‍സ് ഇന്‍ഡക്സ് അഥവ എഫ്‌സിഐ സൂചിപ്പിക്കുന്നത്. താരിഫ് ആശങ്കയ്ക്ക് പിന്നാലെയാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങിയത്.
തുടര്‍ച്ചയായ മൂന്നാം മാസവും പിന്മാറ്റം തുടര്‍ന്നത് വെല്ലുവിളിയാണ്. കാരണം എഫ്പിഐ പിന്‍വലിക്കല്‍ ഓഹരി വിപണികളെ സമ്മര്‍ദ്ദത്തിലാക്കും. യുഎസിന്റെ താരിഫ് വര്‍ദ്ധനവ് ഇതിനകം തന്നെ ഓഹരി വില്‍പ്പനയ്ക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ മുന്നോട്ടേക്കും അനിശ്ചിതത്വം നിലനില്‍ക്കാം.
ബെഞ്ച്മാര്‍ക്ക് സൂചികകളിലെ 2% ഇടിവ് നിക്ഷേപകര്‍ ജാഗ്രതയിലാണെന്ന സൂചനയാണ് നല്‍കുന്നത്.വ്യാപാര ബന്ധങ്ങളിലും എഫ്പിഐ നിലപാടിലും വ്യക്തത ഉണ്ടാകുന്നതുവരെ ഈ പ്രവണത തുടരാം. ജിഎസ്ടി നിരക്ക് കുറയ്ക്കലിനെക്കുറിച്ച് നിക്ഷേപകര്‍ ജാഗ്രത പാലിക്കുന്നുണ്ട്. ഉയര്‍ന്ന ധനക്കമ്മിയും അവര്‍ ഭയപ്പെടുന്നു. ഇത് സര്‍ക്കാരിന് ഉയര്‍ന്ന വായ്പാ ചെലവിലേക്ക് നയിച്ചേക്കാമെന്നും ക്രിസില്‍ വ്യക്തമാക്കി.
രൂപയ്ക്ക് മേലും വന്‍ സമ്മര്‍ദ്ദമാണുള്ളത്. ഓഗസ്റ്റില്‍ ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കായ 87.8 ല്‍ രൂപ എത്തി. ജിഎസ്ടി പരിഷ്‌കരണം, ഉപഭോഗത്തില്‍ പ്രതീക്ഷിച്ച ഉത്തേജനം എന്നിവയാണ് വിപണിയെ ഇക്കാലത്ത് പിന്തുണച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.