29 Aug 2025 3:39 PM IST
Summary
ജാപ്പനീസ് നിക്ഷേപം സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ഇന്ത്യയും ജപ്പാനും ഒരുമിച്ച് നില്‍ക്കണമെന്നും അതിന്റെ ഫലം നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവമായിരിക്കുമെന്നും പ്രധാനമന്ത്രി മോദി. ജപ്പാനുമായി എഐ, സെമികണ്ടക്ടര്‍, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്, ബഹിരാകാശം മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കും. സാമ്പത്തിക, നിക്ഷേപ ബന്ധം ദൃഢമാക്കും. ഈ നൂറ്റാണ്ടിലെ സാങ്കേതിക വിപ്ലവത്തിന് ഇന്ത്യയ്ക്കും ജപ്പാനും നേതൃത്വം നല്‍കാന്‍ കഴിയുമെന്നുമാണ് ജപ്പാനില്‍ നടന്ന സാമ്പത്തിക ഫോറത്തില്‍ മോദി വ്യക്തമാക്കിയത്.
മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ജാപ്പനീസ് കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപമിറക്കാം. നിക്ഷേപിച്ചാല്‍ ഇരട്ടി നേട്ടവുമായി മടങ്ങാനുള്ള അവസരമാണ് രാജ്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി. ജപ്പാനീസ് പ്രധാനമന്ത്രി ഇഷിബയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ വാര്‍ഷിക ഉച്ചകോടിയാണിത്. വ്യാപാരം, നിക്ഷേപം, ക്ലീന്‍ എനര്‍ജി, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക വിദ്യ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി.
ടോക്കിയോയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ ഒനോ കെയ്ച്ചി, ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
മോദിയുടെ രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ 68 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നേടിയെടുത്തേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളിലടക്കം നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.