image

5 Jun 2023 5:26 PM IST

Economy

ഐടി കയറ്റുമതി: തെലങ്കാനയില്‍ 31.44 ശതമാനം വളര്‍ച്ച

MyFin Desk

Hyderabad to be largest IT presence in 5-10 years
X

Summary

  • ഐടി,ഐടിഇഎസ് കയറ്റുമതി 2,41,275 കോടി രൂപയുടേത്
  • സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ധന
  • മേഖലയില്‍ തൊഴിലവസരങ്ങളും വര്‍ധിച്ചതായി വകുപ്പ് മന്ത്രി


2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എനേബിള്‍ഡ് സര്‍വീസ് (ഐടിഇഎസ്) എന്നിവയുടെ കയറ്റുമതിയില്‍ 31.44 ശതമാനം വര്‍ധനവ് ഉണ്ടായതായി തെലങ്കാന സര്‍ക്കാര്‍ അറിയിച്ചു. 2,41,275 കോടി രൂപയായാണ് കയറ്റുമതി വര്‍ധിച്ചത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,83,569 കോടി രൂപയായിരുന്നു കയറ്റുമതി.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഐടി,ഐടിഇഎസ് മേഖലയില്‍ അമ്പരപ്പിക്കുന്ന കയറ്റുമതിക്ക് ആണ് സാക്ഷ്യം വഹിച്ചത്.

2022-23 സാമ്പത്തിക വര്‍ഷത്തിലെ 57,706 കോടി രൂപയുടെ കുതിച്ചുചാട്ടം സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ധനയാണെന്നും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തെലങ്കാന വളര്‍ച്ച നിലനിര്‍ത്തുക മാത്രമല്ല, ദേശീയ ശരാശരി വളര്‍ച്ചയെ മറികടക്കുകയും ചെയ്തുവെന്ന് തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവു റിപ്പോര്‍ട്ട് പുറത്തിറക്കിയ ശേഷം പറഞ്ഞു.

ഇതേ സാമ്പത്തിക വര്‍ഷത്തില്‍ തെലങ്കാന 1,27,594 പുതിയ തൊഴിലവസരംകൂടി കൂട്ടി ചേര്‍ത്തു.

ഐടി,ഐടിഇഎസ് മേഖലയില്‍ മൊത്തം തൊഴിലവസരങ്ങള്‍ 9,05,715 ആയി. 2021-22 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 16.29 ശതമാനം വര്‍ധനയാണ് പ്രതിനിധീകരിക്കുന്നത്.

രാജ്യത്ത് സോഫ്റ്റ്വെയര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ തെലങ്കാന ഇന്ന് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. കോവിഡ് -19 ആഘാതം, കേന്ദ്രത്തില്‍ നിന്നുള്ള പിന്തുണയുടെ കുറവ് എന്നിവയ്ക്കിടയിലും ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സംസ്ഥാനത്തിനായി.

ഈ വെല്ലുവിളികള്‍ക്കിടയിലും, മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ കീഴിലുള്ള സ്ഥിരതയുള്ള സര്‍ക്കാരും കഴിവുള്ള നേതൃത്വവുമാണ് തെലങ്കാന പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ചതെന്ന് ഐടി മന്ത്രി കെ ടി രാമറാവു വിശദീകരിച്ചു.

ഇത് ഒരു തുടക്കം മാത്രമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. തെലങ്കാനയില്‍ വരുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്താന്‍ മന്ത്രി യുവാക്കളോട് അഭ്യര്‍ത്ഥിച്ചു.'മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക്, തെലങ്കാനയിലേക്ക് മാറുന്നത് ഒരു വെല്ലുവിളിയായിരിക്കാം. എന്നാല്‍ തെലങ്കാന യുവാക്കള്‍ക്ക് ഇത് ഒരു അനുഗ്രഹമാണ്,'രാമ റാവു പറഞ്ഞു.

ഹൈദരാബാദ് ഇന്ന് ഒരു കോസ്‌മോപൊളിറ്റന്‍ നഗരം മാത്രമല്ല. പല കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കും അവരുടെ ഏറ്റവും വലിയ അല്ലെങ്കില്‍ രണ്ടാമത്തെ വലിയ കാമ്പസുകള്‍ നഗരത്തിലുണ്ട്. കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങളും യൂണിറ്റുകളും ഇവിടെ വിപുലീകരിക്കുന്നു.

അടുത്തിടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഹൈദരാബാദ് അസാധാരണമായി വികസിച്ചുവെന്ന പ്രസ്താവിച്ച കാര്യം മന്ത്രി സൂചിപ്പിച്ചു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ ഈ വളര്‍ച്ചയും നേട്ടങ്ങളും മറ്റ് മേഖലകളില്‍ ചലനങ്ങള്‍ സൃഷ്ടിക്കും. റെസിഡന്‍ഷ്യല്‍ കണ്‍സ്ട്രക്ഷന്‍ മേഖല, ഗതാഗതം, വിനോദം തുടങ്ങിയ മേഖലകളില്‍ അത് ദൃശ്യമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.