2 Sept 2025 4:20 PM IST
Summary
ആറാം ഘട്ട ചര്‍ച്ചയുടെ തീയ്യതി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി
ഉഭയകക്ഷി വ്യാപാര കരാറില്‍ ഇന്ത്യ- യുഎസ് ചര്‍ച്ച തുടരുന്നുവെന്ന് മന്ത്രി പീയൂഷ് ഗോയല്‍. ഇന്ത്യയുമായുള്ള ബന്ധം ട്രംപ് തകര്‍ത്തത് കുടുംബത്തിന് വേണ്ടിയെന്ന ആരോപണവുമായി മുന്‍ അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ്.
ഇന്ത്യ-യുഎസ് ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ആറാം ഘട്ട ചര്‍ച്ചയുടെ തീയ്യതി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയതിന് പിന്നാലെയാണ് മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന വന്നത്. രാജ്യം വളരെ ശക്തവും ആത്മവിശ്വാസത്തിലുമാണുള്ളത്. പ്രതിവര്‍ഷം ആറര ശതമാനം വളര്‍ച്ച കൈവരിക്കുന്നുവെന്നും അതിന്റെ വേഗത ഇനിയും ഉയരുമെന്നും ഗോയല്‍ പറഞ്ഞു.
അമേരിക്കയുമായി കാര്‍ഷിക വിഷയങ്ങളില്‍ അടക്കം തര്‍ക്കമുണ്ട്. ഇക്കാര്യമായിരിക്കും അടുത്ത ഘട്ട ചര്‍ച്ചയുടെ പ്രധാന അജണ്ട. അതേസമയം, ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ട്രംപ് ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് തടസമുണ്ടാക്കുന്നത് കുടുംബത്തിന് വേണ്ടിയാണെന്ന ആരോപണവും പുറത്ത് വന്നു. പാക്കിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലും, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടുബത്തിന് നിക്ഷേപമുള്ള സ്വകാര്യ ക്രിപ്റ്റോ സ്ഥാപനവും തമ്മില്‍ ഇടപാട് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ പാക്കിസ്ഥാന്‍ സേനാ മേധാവി അസിം മുനീറിന്റെ പങ്കും ചര്‍ച്ചയായിരുന്നു. ഇതിനായി ട്രംപ് ഇന്ത്യയുമായുള്ള ബന്ധം 'തകര്‍ത്തു' എന്നാണ് അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ ആരോപിക്കുന്നത്.