17 Aug 2025 9:59 AM IST
Summary
താരിഫ് യുദ്ധത്തിന് ഉടന്‍ പരിഹാരമാകില്ലെന്ന് സൂചന
വ്യാപാര കരാറിനായുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 25 മുതലായിരുന്നു യുഎസ് സംഘത്തിന്റെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഇതോടെ തീരുവപോരിന് ഉടന്‍ അവസാനമാകില്ലെന്ന് വ്യക്തമായി.
നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനായി (ബിടിഎ) ഇതുവരെ അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ആറാം റൗണ്ട് ചര്‍ച്ചകള്‍ക്കായാണ് ഇനി യുഎസ് സംഘം എത്തേണ്ടത്. ഓഗസ്റ്റ് 25 മുതല്‍ 29 വരെയായിരുന്നു ചര്‍ച്ചകള്‍ നിശ്ചയിച്ചിരുന്നത്.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ പ്രഖ്യാപിച്ച സാഹചര്യത്തില്‍ യോഗം സന്ദര്‍ശനം മാറ്റിയത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
കൃഷി, ക്ഷീര മേഖലകള്‍ പോലുള്ള സെന്‍സിറ്റീവ് ആയ മേഖലകളില്‍ കൂടുതല്‍ വിപണി പ്രവേശനത്തിനായി അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗത്തെ ബാധിക്കുന്നതിനാല്‍ ഇന്ത്യ ഇത് അംഗീകരിക്കുന്നില്ല.
കര്‍ഷകരുടെയും കന്നുകാലി വളര്‍ത്തുന്നവരുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
2025 ലെ ശരത്കാലത്തോടെ (സെപ്റ്റംബര്‍-ഒക്ടോബര്‍) വ്യാപാര കരാറിന്റെ ആദ്യ ഘട്ടം അവസാനിപ്പിക്കാനുള്ള പദ്ധതികള്‍ യുഎസും ഇന്ത്യയും പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള 191 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ യുഎസ് ഡോളറായി ഇരട്ടിയാക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് 7 മുതല്‍ യുഎസിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ പ്രാബല്യത്തില്‍ വന്നപ്പോള്‍, റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങിയതിന് പിഴയായി ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരും.
ഏപ്രില്‍-ജൂലൈ കാലയളവില്‍, യുഎസിലേക്കുള്ള രാജ്യത്തിന്റെ കയറ്റുമതി 21.64 ശതമാനം വര്‍ധിച്ച് 33.53 ബില്യണ്‍ ഡോളറിലെത്തി. അതേസമയം ഇറക്കുമതി 12.33 ശതമാനം ഉയര്‍ന്ന് 17.41 ബില്യണ്‍ ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.