2 May 2025 4:43 PM IST
Summary
- ചൈനയെ ഒറ്റപ്പെടുത്താന്‍ യുഎസിനാവില്ലെന്നും റിപ്പോര്‍ട്ട്
- നിരവധി രാജ്യങ്ങള്‍ ചൈനയെ പ്രധാന വ്യാപാര പങ്കാളിയായി പരിഗണിക്കുന്നു
വ്യാപാര യുദ്ധത്തിനിടെ അവസരം മുതലാക്കാന്‍ ഇന്ത്യയ്ക്കൊപ്പം ജപ്പാനും. യുഎസുമായി വന്‍കിട വ്യാപാര കരാറുകള്‍ക്ക് തയ്യാറെടുക്കുന്നതായി ജെഫറീസ് റിപ്പോര്‍ട്ട്. അതേസമയം ചൈനയെ ഒറ്റപ്പെടുത്തുകയെന്ന യുഎസ് തന്ത്രം വിലപ്പോവില്ലെന്നും പരാമര്‍ശം.
യുഎസ്-ചൈന വ്യാപാര യുദ്ധം അവസരമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയെന്ന സൂചനയാണ് ജെഫ്റീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജപ്പാനും ഇതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ജപ്പാനും ഇന്ത്യയും അമേരിക്കയുമായി മികച്ച വ്യാപാര കരാറുകള്‍ ഏര്‍പ്പെടുന്നുവെന്നുമാണ് പ്രവചനം. എന്നാല്‍ ചൈനയോട് ഇരുരാജ്യങ്ങളും നിഷ്പക്ഷ നിലപാട് തുടരും. അമേരിക്കയുമായി ഐക്യപ്പെട്ട് ചൈനയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.
വിഷയത്തില്‍ ചൈനയും ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ബെയ്ജിങ് വ്യക്തമാക്കിയത്. എന്നാല്‍ ജപ്പാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ ട്രംപ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചൈനയെ ഒറ്റപ്പെടുത്തുന്നതില്‍ തന്നെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടി. നിരവധി രാജ്യങ്ങള്‍ ചൈനയെയാണ് പ്രധാന വ്യാപാര പങ്കാളിയായി പരിഗണിക്കുന്നത്. ലോകരാഷ്ട്രങ്ങളില്‍ 107 രാജ്യങ്ങള്‍, അതായത് ഏകദേശം 53 ശതമാനവും ഈ ഗണത്തില്‍ വരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.