23 April 2025 3:57 PM IST
Summary
- ചൈനക്കെതിരായ താരിഫ് കുറയ്ക്കുമെന്ന് ട്രംപ്
- അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നീക്കം
ചൈനക്കെതിരായ താരിഫുകള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെട്ടിക്കുറച്ചേക്കും. വ്യാപാര യുദ്ധം സമാധാനത്തിലേക്കെന്ന് സൂചന.
ചൈനയ്ക്കുള്ള താരിഫ് 145 ശതമാനത്തില്‍ നിന്ന് വെട്ടികുറയ്ക്കുമെന്ന് ട്രംപ് സൂചിപ്പിച്ചു. അമേരിക്കന്‍ സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നീക്കം. ചൈനയുമായി വ്യാപാര കരാറിലേക്ക് പോവാന്‍ ട്രംപ് തയ്യാറാണെന്ന സൂചനയാണ് അമേരിക്കന്‍ ഭരണ കൂടം ഇപ്പോള്‍ നല്‍കുന്നത്.
അതേസമയം, ചര്‍ച്ച അമേരിക്ക തീരുമാനിക്കും പോലെയാവില്ലെന്ന നിലപാട് ചൈന ആവര്‍ത്തിച്ചു. നിക്ഷ്പക്ഷവും തുല്യതയും ഉറപ്പുവരുത്തുന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബെയ്ജിംഗ് വ്യക്തമാക്കി. അതേസമയം ഇതിന് യുഎസ് തയ്യാറാവുമോയെന്നതാണ് ഇനി അറിയേണ്ടത്.
ചൈനയുമായുള്ള വ്യാപാരത്തില്‍ നിലവില്‍ പ്രശ്നമൊന്നും ഇല്ലെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ട്രംപിന്റെ ഈ നിലപാട് മാറ്റത്തിന് വഴിവച്ചത് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റിന്റെ മുന്നറിയിപ്പും സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളുമാണ്. അമേരിക്കയും ചൈനയും വ്യാപാര യുദ്ധത്തിലേക്ക് പോയാല്‍ ദോഷം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്കാണ്.
രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുമാണ് ട്രഷറി സെക്രട്ടറി അടക്കമുള്ളവര്‍ ട്രംപുമായി പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് 145 ശതമാനം തീരുവ ചുമത്തില്ലെന്നും ക്രമേണ ഇത് കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞത്. കടുത്ത തീരുവ ഏര്‍പ്പെടുത്തുമെന്നുള്ള ഭീഷണികള്‍ ഉയര്‍ത്തി ആഗോള വ്യാപാരരംഗത്ത് ആശങ്കകള്‍ സൃഷ്ടിച്ച ട്രംപിന്റെ പിന്‍മാറ്റം ആഗോള വിപണികള്‍ക്ക് ആശ്വാസമാണ്.