image

30 Jun 2023 5:15 PM IST

Economy

' കുഞ്ഞിക്കാല്‍ ' കാണാന്‍ ചൈനയ്ക്ക് കൊതി; ദമ്പതികള്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ട്രാവല്‍ ഏജന്‍സി

MyFin Desk

travel agency announced the gift for the couple
X

കുഞ്ഞിക്കാല്‍ കാണാനുള്ള വ്യഗ്രതയിലാണ് ചൈന. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയുടെ ജനസംഖ്യയ്ക്ക് വയസ്സായി. രാജ്യം നേരിടുന്ന വാര്‍ധക്യ പ്രശ്‌നത്തെ മറികടക്കാന്‍ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ ട്രിപ്പ് ഡോട്ട് കോം പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. ഇതു പ്രകാരം ട്രിപ്പ് ഡോട്ട് കോമിലെ ജീവനക്കാര്‍ക്ക് ജനിക്കുന്ന ഓരോ കുട്ടിക്കും 50,000 യുവാന്‍ സമ്മാനത്തുക നല്‍കും. ഇത് ഏകദേശം 6,897 യുഎസ് ഡോളര്‍ വരും. 2023 ജുലൈ ഒന്ന് മുതല്‍ ഈ പദ്ധതി നടപ്പിലാക്കുമെന്നാണ് ട്രിപ്പ് ഡോട്ട് കോം പ്രഖ്യാപിച്ചിരിക്കുന്നത്.

400 ദശലക്ഷം യൂസര്‍മാരുള്ള ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയാണിത്.

ഈ പദ്ധതിക്കായി ഒരു ബില്യന്‍ യുവാനാണ് ട്രാവല്‍ ഏജന്‍സി ചെലവഴിക്കുന്നത്.

1980 മുതല്‍ 2015 വരെ നീണ്ടുനിന്ന ഒറ്റക്കുട്ടി നയത്തെത്തുടര്‍ന്ന് (one-child policy) ചൈനയുടെ തൊഴില്‍ ശക്തി ചുരുങ്ങുന്നതിനാല്‍, രാജ്യം സമ്പന്നമാകുന്നതിന് മുമ്പ് തന്നെ ചൈനയ്ക്ക് പ്രായമാകുമെന്നു ജനസംഖ്യാശാസ്ത്രജ്ഞര്‍ (demographers) മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ പ്രാദേശിക സര്‍ക്കാരുകള്‍ അവരുടെ പ്രായമായ ജനസംഖ്യയ്ക്കായി കൂടുതല്‍ തുക ചെലവഴിക്കുന്നുണ്ട്. അതോടൊപ്പം കൂടുതല്‍ കുട്ടികളുണ്ടാവാന്‍ യുവ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളും ആരംഭിച്ചിട്ടുണ്ട്.

ചൈനയുടെ ജനനനിരക്ക് കഴിഞ്ഞ വര്‍ഷം 1,000 പേര്‍ക്ക് 6.77 ആയി കുറഞ്ഞിരുന്നു. 2021 ലെ 7.52 എന്ന ജനന നിരക്കില്‍ നിന്നാണ് 2022-ലെത്തിയപ്പോള്‍ താഴ്ന്ന ജനന നിരക്കിലേക്ക് എത്തിയത്. 2021-ല്‍, ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളെങ്കിലും ആകാമെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.

ഈയടുത്ത കാലം വരെ ജനസംഖ്യയില്‍ ഒന്നാം സ്ഥാനമലങ്കരിച്ചിരുന്ന രാജ്യമാണ് ചൈന. എന്നാല്‍ ഇപ്പോള്‍ ആ സ്ഥാനം അയല്‍രാജ്യമായ ഇന്ത്യയ്ക്കാണ്. എങ്കിലും ചൈനയില്‍ ജനസംഖ്യയുടെ ഭൂരിഭാഗവും വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്നത് ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്.

സമീപകാലത്ത് 10 മക്കളെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് വന്‍ സമ്മാനങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ റഷ്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലെയും ജനസംഖ്യ പകുതിയാകുമെന്ന് റിപ്പോര്‍ട്ട് വന്നതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ പ്രസവിക്കാന്‍ പുടിന്‍ പ്രേരിപ്പിച്ചത്.