image

11 Aug 2025 11:34 AM IST

Economy

റഷ്യന്‍ എണ്ണ ഇറക്കുമതി; ചൈനക്കെതിരെ അധിക താരിഫ് ചുമത്താന്‍ ട്രംപിന് ഭയമോ?

MyFin Desk

റഷ്യന്‍ എണ്ണ ഇറക്കുമതി; ചൈനക്കെതിരെ  അധിക താരിഫ് ചുമത്താന്‍ ട്രംപിന് ഭയമോ?
X

Summary

ചൈനീസ് തിരിച്ചടി യുഎസിനെ ബാധിക്കുമെന്ന് ട്രംപിന് ഭീതി


റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ചൈനയ്ക്ക് മേല്‍ നികുതി ചുമത്തുന്നതിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ചൈനക്കെതിരായ താരിഫ് ഉയര്‍ത്തുന്നത് നിലിവലുള്ള സാഹചര്യം കൂടുതല്‍ വഷളാക്കുമോ എന്ന ഭീതി ട്രംപിനുണ്ട്. കൂടാതെ ബെയ്ജിംഗുമായുള്ള യുഎസിന്റെ ബന്ധം റഷ്യന്‍ സാഹചര്യവുമായി യാതൊരു ബന്ധവുമില്ലാത്ത പല കാര്യങ്ങളെയും ബാധിക്കുമെന്നും യുഎസ് ഭയക്കുന്നു.

'ചൈനയെക്കുറിച്ച് പ്രസിഡന്റ് ചിന്തിക്കുകയാണ്. അദ്ദേഹം തീരുമാനം എടുത്തിട്ടില്ല', വാന്‍സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ചൈന പ്രശ്‌നം കുറച്ചുകൂടി സങ്കീര്‍ണ്ണമാണെന്നാണ് യുഎസ് വിലയിരുത്തുന്നത്. തുടക്കത്തില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് 25 ശതമാനം പരസ്പര താരിഫ് ചുമത്തിയിരുന്നു, കഴിഞ്ഞയാഴ്ച ട്രംപ് റഷ്യന്‍ എണ്ണ വാങ്ങിയതിന് ഡല്‍ഹിക്ക് മേല്‍ 25 ശതമാനം കൂടി ലെവി ചുമത്തി, ഇത് ഇന്ത്യയുടെ മൊത്തം തീരുവ 50 ശതമാനമാക്കി, ലോകത്തിലെ ഏതൊരു രാജ്യത്തിനും മേല്‍ യുഎസ് ചുമത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണിത്.

ഓഗസ്റ്റ് 27 മുതല്‍ 25 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍ വരും.

'ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്താന്‍ യുഎസ് തീരുമാനിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്,' വിദേശകാര്യ മന്ത്രാലയം ഡല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.