image

1 Aug 2025 10:22 AM IST

Economy

ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്; ഇന്ത്യക്ക് 25% തീരുവ ചുമത്തി

MyFin Desk

trump signs order, imposes 25% tariff on india
X

Summary

  • 69 രാജ്യങ്ങള്‍ക്കുള്ള താരിഫ് നിരക്കുകളാണ് പ്രഖ്യാപിച്ചത്
  • യുഎസ് പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധം


ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിക്ക് വാഷിംഗ്ടണ്‍ ചുമത്തുന്ന തീരുവകളുടെ വിപുലമായ പട്ടിക വൈറ്റ് ഹൗസ് പുറത്തിറക്കി. പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചതുപോലെ ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയാണ് വാഷിംഗ്ടണ്‍ ചുമത്തിയിരിക്കുന്നത്.

എക്‌സിക്യൂട്ടീവ് ഉത്തരവില്‍, 69 രാജ്യങ്ങള്‍ക്കുള്ള താരിഫ് നിരക്കുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

പുറത്തിറക്കിയ പട്ടിക പ്രകാരം ഇന്ത്യയ്ക്ക് 25 ശതമാനം താരിഫ്, ചുമത്തിയിട്ടുണ്ട്. എങ്കിലും, റഷ്യന്‍ സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് ഇന്ത്യ നല്‍കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞ 'പിഴ'യെക്കുറിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പരാമര്‍ശിക്കുന്നില്ല.

ഓഗസ്റ്റ് 1 ആയിരുന്നു താരിഫ് സമയപരിധി, പുതിയ ലെവികള്‍ ഓഗസ്റ്റ് 7 മുതല്‍ പ്രാബല്യത്തില്‍ വരും. ഏപ്രിലില്‍ ട്രംപ് ഇന്ത്യയ്ക്ക് 26 ശതമാനം 'ഡിസ്‌കൗണ്ട്ഡ് റെസൊണല്‍ താരിഫ്' ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു, ഇത് ഇപ്പോള്‍ പ്രഖ്യാപിച്ച നിരക്കിനേക്കാള്‍ ഒരു ശതമാനം കൂടുതലാണ്.

ട്രംപ് പ്രഖ്യാപിക്കുന്ന വ്യത്യസ്ത താരിഫ് നിരക്കുകള്‍ കണക്കിലെടുക്കുമ്പോള്‍, എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കുന്നതില്‍ യുഎസ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ട്രംപ് പ്രഖ്യാപിച്ച പട്ടികയില്‍ 10 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് താരിഫ് നിരക്കുകള്‍. ജപ്പാന് 15 ശതമാനം, ലാവോസ്, മ്യാന്‍മര്‍ (40 ശതമാനം വീതം), പാകിസ്ഥാന്‍ (19 ശതമാനം), ശ്രീലങ്ക (20 ശതമാനം), യുണൈറ്റഡ് കിംഗ്ഡം (10 ശതമാനം), സിറിയ (41%) എന്നിങ്ങനെയാണ് താരിഫ്.

അതേസമയം ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും താരിഫുകളുടെ പ്രത്യാഘാതങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഇന്ത്യ പ്രതികരിച്ചു. യുഎസിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന സൂചനയാണ് ഇന്ത്യ നല്‍കിയിട്ടുള്ളത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അപകടത്തിലാക്കിയുള്ള ഒരു നീക്കുപോക്കിനും ഇന്ത്യ തയ്യാറല്ല. യുഎസിനെതിരെ ന്യൂഡല്‍ഹി കര്‍ശന നിലപാട് എടുക്കുന്നതോടെ മറ്റ് രാജ്യങ്ങളും ഇതേ പാതയില്‍ പ്രതികരിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യ ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗമായതും ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ കൂട്ടായ്മ ഡോളറിന് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനുമുമ്പ് യുഎസിന് ഇങ്ങനെയൊരു ആശങ്ക ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഗ്രൂപ്പില്‍ ചൈനയും റഷ്യയും ഉള്ളതാണ് ട്രംപിന് തലവേദന സൃഷ്ടിക്കുന്നത്.

യുഎസിന്റെ വിവാദമായ ഈ താരിഫ് നയം ആഗോളതലത്തില്‍ ഒരു വേറിട്ട ചേരിതിരിവിന് വഴിതെളിക്കാന്‍ സാധ്യത ഏറെയാണ്.

എന്നാല്‍ സാഹചര്യം വിലയിരുത്തിയശേഷം യുഎസുമായി ചര്‍ച്ച തുടരാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കാനഡ ഉള്‍പ്പെടെയുള്‌ല രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.