14 Sept 2025 11:23 AM IST
Summary
ഇന്ത്യയുമായും റഷ്യയുമായും ചൈനയുടെ സഖ്യ സാധ്യത തകര്‍ക്കുക ട്രംപിന്റെ ലക്ഷ്യം
താരിഫ് വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'മൂഡ്' എന്നും പ്രവചനാതീതമാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്കെതിരെ മാസങ്ങളോളം ഇന്ത്യക്കെതിരെ ഉറഞ്ഞുതുള്ളിയ ട്രംപ്് ഇപ്പോള്‍ ചൈനയ്ക്കെതിരെ തിരിയുകയാണ്.
ട്രൂത്ത് സോഷ്യലിലെ ഏറ്റവും പുതിയ പോസ്റ്റില്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ നാറ്റോ രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. കൂടാതെ ചൈനക്കെതിരെ 50 മുതല്‍ 100 വരെ ശതമാനം തീരുവ ചുമത്തണമെന്നും യുഎസ് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. ഈ നിലപാടുമാറ്റമാണ് ചര്‍ച്ചയാകുന്നത്.
നാറ്റോ രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമ്പോള്‍ മോസ്‌കോയ്‌ക്കെതിരെ വലിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച തീരുമാനം അദ്ദേഹം നാറ്റോ സഖ്യകക്ഷികള്‍ക്ക് വിട്ടു.
എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യത്തിന്റെ ഏറ്റവും മൂര്‍ച്ചയുള്ള വശം ചൈനക്കെതിരായുള്ള പരാമര്‍ശമായിരുന്നു. നാറ്റോ ഒരു കൂട്ടായ പ്രസ്ഥാനമെന്ന നിലയില്‍ ചൈനയ്ക്കുമേല്‍ ഗണ്യമായ താരിഫുകള്‍ (50% മുതല്‍ 100% വരെ) ചുമത്തണമെന്ന് ട്രംപ് നിര്‍ദ്ദേശിക്കുന്നു. കാരണം റഷ്യയുടെ മേല്‍ ചൈനയ്ക്ക് ശക്തമായ നിയന്ത്രണമുണ്ടെന്നാണ് പ്രസിഡന്റിന്റെ വാദം. ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിച്ചാല്‍ ഈ താരിഫുകള്‍ പിന്‍വലിക്കാമെന്നും ട്രംപ് നിര്‍ദ്ദേശിക്കുന്നു.
ചൈനക്കെതിരെ യുഎസ് ചുമത്തിയത് 30 ശതമാനം തീരുവ മാത്രമാണ്. അതേസമയം ഇന്ത്യക്കെതിരെ ട്രംപ് ഏര്‍പ്പെടുത്തിയത് 50 ശതമാനം തീരുവയാണ്. മോസ്‌കോയെ സമ്മര്‍ദ്ദത്തിലാക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് മേല്‍ തീരുവ ചുമത്തുക എന്നതന്ത്രമാണ് യുഎസ് ഇവിടെ പയറ്റുന്നത്. അതേസമയം ചൈനക്കെതിരായ യുഎസ് നിലപാടിനെതിരെ മണിക്കൂറുകള്‍ക്കകം ബെയ്ജിംഗ് പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു.
യുഎസ് താരിഫുകള്‍ ഫലം കാണുന്നില്ലെന്ന തിരിച്ചറിവില്‍ ജി7 രാജ്യങ്ങളോടും യൂറോപ്യന്‍ യൂണിയനോടും ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ തീരുവ ചുമത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ചൈനക്കെതിരായ ട്രംപിന്റെ പരാമര്‍ശം വ്യാപാര ചര്‍ച്ചകളിലുള്ള അദ്ദേഹത്തിന്റെ തുടര്‍ച്ചയായ നിരാശയെ സൂചിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഇന്ത്യയുമായും റഷ്യയുമായും ചൈനയുടെ സഖ്യ സാധ്യത തകര്‍ക്കാനും ഇതുവഴി ട്രംപ് ശ്രമിക്കുകയാണ്.
ഇന്ത്യ-യുഎസ് ബന്ധങ്ങളില്‍ ആഴ്ചകളായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഈ മനംമാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശനത്തെത്തുടര്‍ന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ ആരോപണങ്ങളുമായാണ് യുഎസ് ഇന്ത്യക്കെതിരെ തിരിഞ്ഞത്. ഇന്ത്യ റഷ്യന്‍ ചേരിയിലേക്ക് നീങ്ങിയാല്‍ യുഎസിന് അതിരിച്ചടിയാകും എന്നതിരിച്ചറിവായിരുന്നു ഈ പ്രകോപനങ്ങള്‍ക്കുപിന്നില്‍. ഇന്ന് ട്രംപ് കളംമാറ്റി ചവിട്ടുകയാണ്. ചൈനയെയും ഇന്ത്യയെയും രണ്ട് ചേരികളാക്കി നിര്‍ത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം.