28 Aug 2025 3:37 PM IST
Summary
ജിഎസ്ടി പരിഷ്‌കരണം നിരക്കുകള്‍ കുറയ്ക്കാനും ഉപഭോഗം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു
വരാനിരിക്കുന്ന ജിഎസ്ടി പരിഷ്‌കാരങ്ങള്‍ യുഎസ് താരിഫ് ആഘാതം നികത്തുമെന്ന് ഫിച്ച് സൊല്യൂഷന്‍സ് കമ്പനിയായ ബിഎംഐ. നിരക്കുകള്‍ കുറയ്ക്കാനും സ്വകാര്യ ഉപഭോഗം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ജിഎസ്ടിയില്‍ മാറ്റം വരുത്തുന്നത്.
ഈ ദശകത്തില്‍ ഏഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വളര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ തുടരുമെന്നും ബിഎംഐ കൂട്ടിച്ചേര്‍ത്തു.
കമ്പനി പുറത്തിറക്കിയ കുറിപ്പ് അനുസരിച്ച്, യുഎസ് അധിക താരിഫുകള്‍ ചില വ്യവസായങ്ങളെ ബാധിച്ചാലും ഇന്ത്യയുടെ ജിഡിപി 6 ശതമാനത്തിന് മുകളില്‍ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി.
വരുന്ന ദശകത്തില്‍ ഉല്‍പ്പാദനക്ഷമത ഏകദേശം 5 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് ജിഡിപി വളര്‍ച്ചയ്ക്ക് ഗണ്യമായ ആക്കം കൂട്ടുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടി പരിഷ്‌കരണം താരിഫുകളില്‍ നിന്നുള്ള വളര്‍ച്ചാ കാലതാമസം ഇല്ലാതാക്കും. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ അതിന്റെ ആഘാതം കൃത്യമായി വിലയിരുത്താനാകില്ല-ബിഎംഐ പറയുന്നു.
രണ്ട് സ്ലാബ് നികുതി ഘടനയുടെ വരാനിരിക്കുന്ന ജിഎസ്ടി സ്ലാബ് വാഹനങ്ങള്‍, ധനകാര്യ സേവനങ്ങള്‍, സിമന്റ്, അവശ്യ വസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും ലാഭം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
എസ്ബിഐയുടെ ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച്, ജിഎസ്ടി പരിഷ്‌കാരങ്ങളും സമീപകാല ആദായനികുതി ഇളവുകളും ചേര്‍ന്ന് ഉപഭോഗം 5.31 ലക്ഷം കോടി രൂപ വര്‍ദ്ധിപ്പിക്കും. ഇത് ജിഡിപിയുടെ ഏകദേശം 1.6 ശതമാനത്തിന് തുല്യമാണ്.