2 April 2023 11:26 AM IST
Summary
- വരും മാസങ്ങളിലും തൊഴില്‍ മേഖല സമ്മര്‍ദ്ദം നേരിട്ടേക്കാം.
ഡെല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) കണക്കുകള്‍ പ്രകാരം, രാജ്യത്തെ തൊഴില്‍ വിപണികള്‍ മോശമായതിനാല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ മാര്‍ച്ചില്‍ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.8 ശതമാനമായി ഉയര്‍ന്നു.
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2022 ഡിസംബറില്‍ 8.30 ശതമാനമായി ഉയര്‍ന്നെങ്കിലും ജനുവരിയില്‍ 7.14 ശതമാനമായി കുറഞ്ഞു. ഫെബ്രുവരിയില്‍ ഇത് 7.45 ശതമാനമായി ഉയര്‍ന്നതായി സിഎംഐഇ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശനിയാഴ്ച്ചയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. മാര്‍ച്ചില്‍ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനമായപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ ഇത് 7.5 ശതമാനമായിരുന്നു.
'ഇന്ത്യയുടെ തൊഴില്‍ വിപണി 2023 മാര്‍ച്ചില്‍ മോശം നിലയിലേക്ക് പോയ. തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയില്‍ 7.5 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 7.8 ശതമാനമായി ഉയര്‍ന്നു. തൊഴില്‍ പങ്കാളിത്ത നിരക്ക് ഒരേസമയം 39.9 ശതമാനത്തില്‍ നിന്ന് 39.8 ശതമാനമായി ഇടിഞ്ഞതാണ് ഇതിന്റെ ആക്കം കൂട്ടുന്നത്.' സിഎംഐഇ മാനേജിങ് ഡയറക്ടര്‍ മഹേഷ് വ്യാസ് പിടിഐയോട് പറഞ്ഞു.