19 April 2025 4:14 PM IST
Summary
ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം
രണ്ടായിരം രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം മുതല്‍ ഇത് സംബന്ധിച്ച കിംവദന്തികള്‍ പ്രചരിച്ചത്. ധനകാര്യമന്ത്രാലയം ഇത് നിഷേധിച്ചിട്ടുണ്ട്. അത്തരം അവകാശവാദങ്ങള്‍ ' തെറ്റിദ്ധരിപ്പിക്കുന്നതും യാതൊരു അടിസ്ഥാനവുമില്ലാത്തതുമാണ്' എന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ചു.
'നിലവില്‍, സര്‍ക്കാരിന്റെ മുമ്പാകെ യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നതുസംബന്ധിച്ച നിര്‍ദ്ദേശമില്ല. യുപിഐ വഴി ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്', പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പറയുന്നു.
ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകളുമായി ബന്ധപ്പെട്ട മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആര്‍) പോലുള്ള ചാര്‍ജുകള്‍ക്കാണ് ജിഎസ്ടി ചുമത്തുന്നത്.
2020 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് 2019 ഡിസംബര്‍ 30-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ വ്യക്തി-വ്യാപാരി (പി2എം) യുഎപിഐ ഇടപാടുകള്‍ക്കുള്ള എംഡിആര്‍ നീക്കം ചെയ്തു.
നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കാത്തതിനാല്‍, ഈ ഇടപാടുകള്‍ക്ക് ജിഎസ്ടി ബാധകമല്ല.