image

21 Feb 2026 12:49 PM IST

Economy

ട്രംപിനേറ്റ അടി! സെൻസെക്സ് 500 പോയിന്റ് ഉയര്‍ന്നേക്കും; സ്വര്‍ണ്ണവിലയും ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് ഉയരം

MyFin Desk

Bull market graphic representing Sensex growth and gold bars for price hike news.
X

ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം; സ്വർണ്ണവിലയും കുതിക്കുന്നു.

Summary

യുഎസ് സുപ്രീം കോടതി വിധി ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് ആശ്വാസമാകുന്നു; സ്വർണ്ണവും വെള്ളിയും വൻ കുതിപ്പിന് തയ്യാറെടുക്കുന്നതായി വിദഗ്ധർ.


ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ആഗോള നികുതികള്‍ റദ്ദാക്കിക്കൊണ്ടുള്ള യുഎസ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക വിധി ഇന്ത്യന്‍ ഓഹരി വിപണിയിലും സ്വര്‍ണ്ണ-വെള്ളി വിലകളിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ നിക്ഷേപകരെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

സെന്‍സെക്‌സില്‍ വന്‍ കുതിപ്പ് ?

സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇന്ത്യന്‍ കയറ്റുമതി മേഖലയില്‍ വലിയ ഉണര്‍വ് ഉണ്ടാകുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.തിങ്കളാഴ്ച വിപണി തുറക്കുമ്പോള്‍ സെന്‍സെക്‌സ് 500 പോയിന്റിലധികം ഉയരാന്‍ സാധ്യതയുണ്ട്. ഗിഫ്റ്റ് നിഫ്റ്റി ഇതിനോടകം തന്നെ 200 പോയിന്റോളം ഉയര്‍ച്ച രേഖപ്പെടുത്തിക്കഴിഞ്ഞു.സെബി അനലിസ്റ്റ് അവിനാഷ് ഗോരക്ഷകര്‍ നല്‍കുന്ന സൂചന പ്രകാരം, വരുന്ന തിങ്കളാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയൊരു ഗ്യാപ്പ്-അപ്പ് ഓപ്പണിംഗിനാണ് സാധ്യതയുണ്ട്. ഇതിന്റെ പ്രധാന കാരണങ്ങള്‍ ഇനി പറയുന്നവയാണ്.ഗിഫ്റ്റ് നിഫ്റ്റിയും നിഫ്റ്റി 50-യും തമ്മിലുള്ള വ്യത്യാസം.സാധാരണയായി നിഫ്റ്റി 50 സൂചികയും ഗിഫ്റ്റ് നിഫ്റ്റിയും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടാകാറില്ല. എന്നാല്‍ വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്തപ്പോള്‍ ഇവ തമ്മില്‍ വലിയൊരു അന്തരം പ്രകടമായി:

നിഫ്റ്റി 50 ക്ലോസിംഗ്: 25,571

ഗിഫ്റ്റ് നിഫ്റ്റി ക്ലോസിംഗ്: 25,764 നിലവാരത്തിലാണ്.

അതായത്, ഇന്ത്യന്‍ വിപണി ക്ലോസ് ചെയ്ത സമയത്തിന് ശേഷം ഗിഫ്റ്റ് നിഫ്റ്റി ഏകദേശം 200 പോയിന്റോളം ഉയര്‍ന്നു.നിഫ്റ്റിയിലെ ഈ 200 പോയിന്റ് മുന്നേറ്റം സെന്‍സെക്‌സിനെ ശക്തമായി സ്വാധീനിക്കും. തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ സെന്‍സെക്‌സ് 500 പോയിന്റിലധികം നേട്ടത്തോടെ തുറക്കാനാണ് സാധ്യതയെന്ന് അനലിസ്റ്റ് വിലയിരുത്തുന്നു.

ടെക്‌സ്‌റ്റൈല്‍സ്, ജെംസ് ആന്‍ഡ് ജ്വല്ലറി തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്ക് ഇത് വലിയ ആശ്വാസമാകും. ഇന്ത്യയില്‍ നിന്നുള്ള 55% കയറ്റുമതി ഉല്‍പ്പന്നങ്ങളുടെയും നികുതി ഭാരം കുറയുന്നത് ഈ ഓഹരികള്‍ക്ക് കരുത്ത് പകരും.ഇന്ത്യയുമായുള്ള കരാര്‍ പ്രകാരം 18% ആയിരുന്ന നികുതി, വിധി വന്നതോടെ 10% ആയി കുറയും. ഇത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ കൂടുതല്‍ സ്വീകാര്യത നല്‍കും.

സ്വര്‍ണ്ണവില: അനിശ്ചിതത്വം വില വര്‍ദ്ധിപ്പിച്ചേക്കാം

കോടതി വിധിക്ക് മറുപടിയായി ട്രംപ് പുതിയ 10% ആഗോള താരിഫ് പ്രഖ്യാപിച്ചത് വിപണിയില്‍ അനിശ്ചിതത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.വ്യാപാരയുദ്ധ ഭീതിയും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും നിക്ഷേപകരെ സ്വര്‍ണ്ണത്തിലേക്ക് ആകര്‍ഷിക്കുന്നു. ആഭ്യന്തര വിപണിയില്‍ 10 ഗ്രാമിന് 1,49,800 എന്ന നിലയില്‍ ശക്തമായ പിന്തുണ സ്വര്‍ണ്ണത്തിനുണ്ട്. വില 1,61,000 എന്ന പ്രതിരോധം മറികടന്നാല്‍ വരും ദിവസങ്ങളില്‍ 1,75,000 വരെ ഉയര്‍ന്നേക്കാമെന്ന് എസ്.എസ് വെല്‍ത്ത് സ്ട്രീറ്റിലെ സുഗന്ധ സച്ച്‌ദേവ നിരീക്ഷിക്കുന്നു.

വെള്ളിയില്‍ കുതിപ്പിന് സാധ്യത

സ്വര്‍ണ്ണത്തിന് പിന്നാലെ വെള്ളിയും വലിയ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണ്.കിലോയ്ക്ക് 2,25,000 രൂപ എന്ന നിലയില്‍ പിന്തുണയുള്ള വെള്ളി, 2,78,000 എന്ന കടമ്പ കടന്നാല്‍ വില 3,50,000 വരെ എത്താന്‍ സാധ്യതയുണ്ട്. ഫെബ്രുവരി 24-ന് ചൈനീസ് വിപണികള്‍ അവധി കഴിഞ്ഞ് തുറക്കുന്നതോടെ വെള്ളിയുടെ ഡിമാന്‍ഡിലും വിലയിലും കൂടുതല്‍ വ്യക്തത വരും. ചുരുക്കത്തില്‍ അമേരിക്കന്‍ സുപ്രീം കോടതിയുടെ വിധി ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്കും ഓഹരി വിപണിക്കും ഉണര്‍വ് നല്‍കുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ നികുതി പ്രഖ്യാപനവും ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഉയരാന്‍ കാരണമായേക്കും.