31 July 2025 4:21 PM IST
Summary
ജിഡിപി 0.2% വരെ ഇടിയുമെന്ന് നോമുറ
ഇന്ത്യന്‍ ഇറക്കുമതിക്ക് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം തീരുവ രാജ്യത്തിന്റെ വളര്‍ച്ച സാധ്യതകള്‍ക്ക് തിരിച്ചടിയെന്ന് സാമ്പത്തിക ലോകം. ജിഡിപി 0.2% വരെ ഇടിയുമെന്ന് നോമുറ. തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ ഓഹരി വിപണി.
25 ശതമാനം തീരുവയ്ക്ക് പുറമെ പിഴയും ചുമത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച ഇത് പ്രാബല്യത്തില്‍ വരിക. പിഴയുടെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മാത്രമേ സാമ്പത്തിക ആഘാതത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമാവുവെന്നാണ് ഐസിആര്‍എയിലെ അദിതി നായര്‍ പറയുന്നത്. ഇക്കാരണം കൊണ്ടാണ് ഐസിആര്‍എ ജിഡിപി പ്രവചനം 6.5% ല്‍ നിന്ന് 6.2% ആയി കുറച്ചതെന്നും അവര്‍ വ്യക്തമാക്കി. സമാന നീരിക്ഷണം തന്നെയാണ് നോമുറയും നടത്തിയത്. ദീര്‍ഘകാല യുഎസ്-ഇന്ത്യ ബന്ധമാണ് വിപണി പ്രതീക്ഷിച്ചത്. അതിനാല്‍ ഈ തിരിച്ചടി നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് കൊട്ടക്കിലെ ഫണ്ട് മാനേജര്‍ നിലേഷ് ഷാ വ്യക്തമാക്കിയത്.
തീരുവ വരുന്നതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് യു.എസ്. വിപണിയില്‍ വില കൂടും. ഇത് വസ്ത്രങ്ങള്‍, മരുന്നുകള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, പെട്രോകെമിക്കല്‍ ഉല്‍പന്നങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, ഓട്ടമൊബീല്‍ തുടങ്ങിയ മേഖലകളിലെ കയറ്റുമതിയെ സാരമായി ബാധിക്കും. രൂപയുടെ മൂല്യത്തില്‍ ചാഞ്ചാട്ടമുണ്ടാകാമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ട്രംപിന്റെ തീരുമാനത്തിന് മൂന്ന് കാരണങ്ങളാണ് ചൂണ്ടികാട്ടുന്നത്. ഇന്ത്യ, അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തുന്ന ഉയര്‍ന്ന താരിഫാണ് ഇതില്‍ ആദ്യം. റഷ്യയുമായുള്ള എണ്ണ വ്യാപാര ബന്ധം, കൂടാതെ ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ചകളിലെ സ്തംഭനാവസ്ഥ എന്നിവ. എന്നാല്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചത്.