28 Jun 2025 2:53 PM IST
Summary
താല്‍ക്കാലിക സമയപരിധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍മാത്രമാണ് ബാക്കി
പകര ചുങ്കത്തിനുള്ള സമയ പരിധി നീട്ടാന്‍ സാധ്യത. രാജ്യങ്ങളുമായുള്ള ചര്‍ച്ചയിലെ പുരോഗതി അനുസരിച്ചായിരിക്കും നടപടിയെന്ന് ട്രംപ്.
പ്രതികാര താരിഫിന് അമേരിക്ക അനുവദിച്ച 90 ദിവസത്തെ താല്‍ക്കാലിക സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്രംപ് മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ചുള്ള സൂചന നല്‍കിയത്. ഇളവ് തുടരുന്നതിന്റെ മാനദണ്ഡം ആ രാജ്യവുമായുള്ള ചര്‍ച്ചയിലെ പുരോഗതിയായിരിക്കും. സമയപരിധി നീട്ടാനും നീക്കാനും സാധിക്കും.
ഇപ്പോള്‍ 26 ശതമാനം നികുതി എല്ലാവരും നല്‍കുന്നുണ്ട്. അത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്നുമാണ് വിഷയത്തില്‍ ട്രംപ് പ്രതികരിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം എല്ലാ രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ച രാജ്യങ്ങള്‍ക്കായിരിക്കും മുന്നോട്ടേക്ക് സമയം നല്‍കുകയെന്ന അഭ്യൂഹങ്ങളും ശക്തമാണ്. അമേരിക്കയിലെ തൊഴിലാളി ദിനമെത്തുന്ന സെപ്റ്റംബറോടെ ഏറെക്കുറേ രാജ്യങ്ങളുമായി കരാര്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറയുന്നത്.
18 പ്രധാന രാജ്യങ്ങളുമായി കരാര്‍ ചര്‍ച്ച അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. അതില്‍ 12 പേരുമായി സെപ്റ്റംബറോടെ ധാരണയിലെത്തും. അതോടെ താരിഫ് ഇളവുകള്‍ അവസാനിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.