28 May 2025 9:34 AM IST
Summary
- വോഡഫോണ്‍ ഐഡിയ ബോര്‍ഡ് യോഗം മെയ് 30ന്
- ഫണ്ട് സമാഹരിക്കുന്നതിനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ പരിഗണിക്കും
കടക്കെണിയിലായ വോഡഫോണ്‍ ഐഡിയ ധനസമാഹരണ ഓപ്ഷനുകള്‍ പരിഗണിക്കുന്നു. ഇതിനായി ടെലികോം കമ്പനിയുടെ ബോര്‍ഡ് മെയ് 30ന് യോഗം ചേരും.
സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഉണ്ടായിരുന്നിട്ടും കമ്പനിയിലെ പണലഭ്യത പ്രതിസന്ധി കാരണം, നഷ്ടത്തിലായ കമ്പനി നടപ്പ് സാമ്പത്തിക വര്‍ഷത്തിനപ്പുറം നിലനില്‍ക്കുമോ എന്ന ആശങ്കയിലാണ്.
ഒന്നോ അതിലധികമോ ഘട്ടങ്ങളിലായി ഫണ്ട് സമാഹരിക്കുന്നതിനുള്ള എല്ലാ നിര്‍ദ്ദേശങ്ങളും പരിഗണിക്കുന്നതിനും വിലയിരുത്തുന്നതിനുമായി മെയ് 30 ന് ബോര്‍ഡ് യോഗം ചേരുമെന്നും വോഡഫോണ്‍ ഐഡിയ ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു.
ഡെറ്റ് ബോണ്ടുകള്‍ ഉള്‍പ്പെടെ അനുവദനീയമായ മറ്റേതെങ്കിലും രീതിയിലൂടെയുള്ള ധനസമാഹരണവും ബോര്‍ഡ് വിലയിരുത്തും. ഫണ്ട് ശേഖരണത്തിന് ഓഹരി ഉടമകളുടെ അനുമതി ലഭിക്കുന്നതിനായി അസാധാരണ പൊതുയോഗം വിളിക്കുന്നതിനെക്കുറിച്ച് അതേ ദിവസം തന്നെ ബോര്‍ഡ് തീരുമാനിക്കും.
മാര്‍ച്ച് പാദത്തിലെയും 2025 സാമ്പത്തിക വര്‍ഷത്തിലെയും സാമ്പത്തിക പ്രകടനം അംഗീകരിക്കുന്നത് പരിഗണിക്കുന്നതിനായി വോഡഫോണ്‍ ഐഡിയ ബോര്‍ഡ് യോഗം ചേരുമെന്നും ഫയലിംഗില്‍ പറയുന്നു.