15 Sept 2025 2:44 PM IST
Summary
മൊത്തവില പണപ്പെരുപ്പം നെഗറ്റീവില്‍നിന്നും പോസിറ്റീവായി
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റില്‍ 0.52 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് -0.58 ശതമാനമായിരുന്നുവെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് മാസമായി നെഗറ്റീവായി തുടര്‍ന്ന മൊത്തവില സൂചിക പണപ്പെരുപ്പം ഇപ്പോള്‍ പോസിറ്റീവായി. ഇത് പ്രധാനമായും ചില്ലറപണപ്പെരുപ്പത്തിലെ നേരിയ വര്‍ധനവിന് അനുസൃതമാണ്.
മൊത്തവിലക്കയറ്റം കുറയുന്നത് ആരോഗ്യകരമാണെന്ന് പല സാമ്പത്തിക വിദഗ്ധരും കരുതുന്നു. കാരണം അത് ബിസിനസുകളെ കൂടുതല്‍ ഉല്‍പ്പാദനത്തിന് പ്രേരിപ്പിക്കുന്നു.
ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഭക്ഷ്യേതര വസ്തുക്കള്‍, മറ്റ് ലോഹേതര ധാതു ഉല്‍പ്പന്നങ്ങള്‍, മറ്റ് ഗതാഗത ഉപകരണങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ധനവാണ് ഓഗസ്റ്റിലെ പണപ്പെരുപ്പ നിരക്കിന്റെ ഉയര്‍ച്ചക്ക് പ്രധാന കാരണം.
ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ മൊത്തവില സൂചിക 2025 ഓഗസ്റ്റില്‍ -9.87 ശതമാനം വര്‍ദ്ധിച്ചു, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 1.77 ശതമാനമായിരുന്നു.
നിര്‍മിത ഉല്‍പ്പന്നങ്ങളുടെ വില മുന്‍ മാസത്തെ 2.05 ശതമാനത്തില്‍ നിന്ന് 2.55 ശതമാനമായി ഉയര്‍ന്നു. ഇന്ധന, വൈദ്യുതി വില ജൂലൈയിലെ -2.43 ശതമാനത്തില്‍ നിന്ന് -3.17 ശതമാനമായി കുറഞ്ഞു.
രാജ്യത്തെ മൊത്തവില സൂചിക സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാര്‍ എല്ലാമാസവും 14-ാം തീയതി പ്രസിദ്ധീകരിക്കും. 14 അവധിയാണെങ്കില്‍ അടുത്ത ദിവസമാകും കണക്ക് പുറത്തുവിടുക. രാജ്യത്തുടനീളമുള്ള സ്ഥാപന സ്രോതസുകളില്‍നിന്നും തെരഞ്ഞെടുത്ത നിര്‍മാണ യൂണിറ്റുകളില്‍നിന്നും ലഭിച്ച ഡാറ്റ ഉപയോഗിച്ച് കണക്കുകള്‍ സമാഹരിക്കുന്നു.
ഉപഭോക്തൃ വില സൂചിക (സിപിഐ) അളക്കുന്ന ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പവും ഓഗസ്റ്റില്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഇതിന്റെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.