14 Aug 2025 3:37 PM IST
Summary
ഡബ്ല്യുപിഐ പണപ്പെരുപ്പം കുറയാന്‍ കാരണം ഭക്ഷ്യ, ഇന്ധന വിലയിലെ ഇടിവ്
ജൂലൈയില്‍ മൊത്തവില സൂചികയിലെ പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ -0.58 ശതമാനമായി കുറഞ്ഞുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യ, ഇന്ധന വിലയിലുണ്ടായ ഇടിവിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഡബ്ല്യുപിഐ നെഗറ്റീവില്‍ തുടരുകയാണ്.
എന്നാല്‍ അടിസ്ഥാന ഇഫക്റ്റുകള്‍ മങ്ങുകയും സീസണല്‍ വിലക്കയറ്റം തുടരുകയും ചെയ്യുന്നതിനാല്‍, ഓഗസ്റ്റില്‍ ഡബ്ല്യുപിഐ പണപ്പെരുപ്പം വീണ്ടും പോസിറ്റീവ് മേഖലയിലേക്ക് നീങ്ങുമെന്ന് വിദഗ്ദ്ധര്‍ പ്രവചിക്കുന്നു.
2023 ജൂലൈയിലാണ് അവസാനമായി ഡബ്ല്യുപിഐ ഇത്രയും താഴ്ന്ന നിലയിലെത്തിയത്, അന്ന് -1.23 ശതമാനം പണപ്പെരുപ്പം രേഖപ്പെടുത്തിയിരുന്നു.
ജൂലൈയില്‍ പ്രാഥമിക ഭക്ഷ്യവസ്തുക്കളുടെ വില 6.29 ശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഇത് ഇടിവില്‍ തുടരുന്നത്. ഉള്ളി -44.4 ശതമാനം, ഉരുളക്കിഴങ്ങ് -41.3 ശതമാനം, പച്ചക്കറികള്‍ -28.9 ശതമാനം, പയര്‍വര്‍ഗ്ഗങ്ങള്‍ -15.12 ശതമാനം, പഴങ്ങള്‍ -2.65 ശതമാനം, പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ട, മാംസം, മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വില -1.09 ശതമാനം എന്നിങ്ങനെ കുറഞ്ഞു.
അതേസമയം, ഗോതമ്പിന്റെ വില ജൂലൈയില്‍ 4.4 ശതമാനം വര്‍ദ്ധിച്ചു, എണ്ണക്കുരുവിന്റെ വില ജൂലൈയില്‍ 9.77 ശതമാനം ഗണ്യമായി ഉയരുകയും ചെയ്തു.
ജൂലൈയില്‍ ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വില 2.43 ശതമാനം കുറഞ്ഞതായും ഡാറ്റ വ്യക്തമാക്കുന്നു. അതേസമയം, സൂചികയില്‍ 64 ശതമാനം വെയ്‌റ്റേജ് വഹിക്കുന്ന നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ വില ജൂലൈയില്‍ 2.05 ശതമാനം വര്‍ദ്ധിച്ചു. വസ്ത്രങ്ങളുടെ വിലയില്‍ 2.5 ശതമാനവും തുകല്‍ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 2.57 ശതമാനവും ലോഹേതര ധാതു ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 2.7 ശതമാനവും സിമന്റ് & പ്ലാസ്റ്ററിന്റെ വിലയില്‍ 3.4 ശതമാനവും വര്‍ധനവുണ്ടായതാണ് ഇതിന് കാരണം.