19 March 2026 10:30 AM IST
ഡോണൾഡ് ട്രംപും പശ്ചാത്തലത്തിൽ ഇറാനിലെ വാതകപ്പാടത്തിന്റെ ചിത്രവും.
Summary
സൗത്ത് പാഴ്സ് ആക്രമണം നടത്തിയത് ഇസ്രായേൽ; ഖത്തറിലെ എൽഎൻജി പ്ലാന്റുകൾക്ക് നേരെ ആക്രമണം തുടർന്നാൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് യുഎസ്
സൗത്ത് പാഴ്‌സ് വാതകപ്പാടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി ശക്തമാകുന്നു. ഖത്തറിലെ ഊര്‍ജ്ജ ആസ്തികള്‍ക്ക് നേരെ ഇനി ആക്രമണമുണ്ടായാല്‍ അമേരിക്ക നേരിട്ട് ഇടപെടുമെന്ന് ട്രംപ്. ഇറാനിലെ സൗത്ത് പാഴ്‌സ് ഗ്യാസ് ഫീല്‍ഡിന് നേരെ നടന്ന ആക്രമണം നടത്തിയത് ഇസ്രായേലാണെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബുധനാഴ്ച രാത്രി വൈകി സോഷ്യല്‍ മീഡിയയിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ആക്രമണത്തില്‍ അമേരിക്കയ്‌ക്കോ ഖത്തറിനോ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ പ്രസ്താവനയിലെ പ്രധാന കാര്യങ്ങള്‍
ഇറാനിലെ സൗത്ത് പാഴ്‌സ് വാതകപ്പാടം ആക്രമിച്ചത് ഇസ്രായേലാണ്. എന്നാല്‍ ഇതിന് പ്രതികാരമായി ഇറാന്‍ ആക്രമിച്ചത് ഖത്തറിലെ എല്‍എന്‍ജി പ്ലാന്റുകളെയാണ്. ഈ നീക്കത്തെക്കുറിച്ച് വാഷിംഗ്ടണിന് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ല. ഈ ആക്രമണത്തില്‍ ഖത്തറിന് യാതൊരു പങ്കുമില്ലാതിരിക്കെ, അവരെ ലക്ഷ്യം വെച്ചത് അനാവശ്യവും നീതീകരിക്കാനാവാത്തതുമാണ് എന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
പ്രതികാരം തീര്‍ത്തത് ഖത്തറിനോട്
ഇസ്രായേലിനോടുള്ള പ്രതികാരം ഇറാന്‍ തീര്‍ത്തത് ഖത്തറിലെ എല്‍എന്‍ജി പ്ലാന്റുകള്‍ക്ക് നേരെ ആക്രമണം നടത്തിക്കൊണ്ടാണ്. ഗ്യാസ് ഫീല്‍ഡ് ആക്രമണത്തില്‍ ഖത്തറിന് യാതൊരു പങ്കുമില്ലാതിരുന്നിട്ടും അവരെ ലക്ഷ്യം വെച്ചത് അന്താരാഷ്ട്ര തലത്തില്‍ ഇറാന് വലിയ തിരിച്ചടിയായി.ആക്രണമണത്തിന് പിന്നാലെ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന് മുന്‍പാണ് ഇറാന്‍ തിരിച്ചടിച്ചത്. ലോകത്തെ പ്രധാന ഊര്‍ജ്ജ വിതരണ കേന്ദ്രമായ ഖത്തറിനെ ആക്രമിച്ചതിലൂടെ ഇറാന്‍ ലോകരാജ്യങ്ങളുടെ മുഴുവന്‍ അതൃപ്തി ക്ഷണിച്ചുവരുത്തി. ഇത് കേവലം ഒരു സൈനിക നീക്കം എന്നതിലുപരി ആഗോള സാമ്പത്തിക വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്ന ഒന്നായി മാറി.
ആഗോള ഊര്‍ജ്ജ സുരക്ഷയ്ക്കുള്ള ഭീഷണി
ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ഖത്തറിലെ അടിസ്ഥാന സൗകര്യങ്ങളെ തകര്‍ക്കുന്നത് ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരാനും വലിയ സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകും. വെറുമൊരു പ്രാദേശിക തര്‍ക്കത്തിനപ്പുറം ലോകത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു മേഖലയെ ആക്രമിച്ചത് ഇറാന്റെ ഭാഗത്തുനിന്നുള്ള വലിയ പിഴവായാണ് ട്രംപ് കാണുന്നത്.
യുഎസ് മുന്നറിയിപ്പ്
ഖത്തറിനെ വീണ്ടും ലക്ഷ്യം വെച്ചാല്‍ അമേരിക്ക ശക്തമായി തിരിച്ചടിക്കും. ഇസ്രായേലിന്റെ സഹായമില്ലാതെ തന്നെ ഇറാനിലെ വാതകപ്പാടങ്ങള്‍ക്ക് നേരെ അമിത ബലം ഉപയോഗിച്ച് പ്രത്യാക്രമണം നടത്താന്‍ അമേരിക്ക മടിക്കില്ല.വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹമില്ലെങ്കിലും, ഖത്തറിലെ ഊര്‍ജ്ജ ആസ്തികള്‍ സംരക്ഷിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പഠിക്കാം & സമ്പാദിക്കാം
Home
