28 Aug 2025 2:04 PM IST
Summary
യുഎസിന്റെ താരിഫ് സമ്മര്‍ദ്ദം ചൈനയുടെ നിലപാട് മാറ്റത്തിന് കാരണം
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗില്‍ നിന്നുള്ള ഒരു രഹസ്യ കത്ത് ഇന്ത്യ-ചൈന ബന്ധത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ഇത് ഏഷ്യയുടെ തന്ത്രപരമായ സന്തുലിതാവസ്ഥയില്‍ ഒരു നിര്‍ണായക വഴിത്തിരിവിന്റെ സൂചനയാണെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്കുമുമ്പാണ് ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്ന സാഹചര്യമുണ്ടാകുന്നത്.
മാര്‍ച്ചില്‍, ചൈനയുമായുള്ള യുഎസ് വ്യാപാര ശത്രുതയുടെ മൂര്‍ദ്ധന്യകാലത്ത്, ഷി ജിന്‍പിംഗ് നേരിട്ട് ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
ചൈനയില്‍നിന്നുള്ള കത്ത്, യുഎസ് സാമ്പത്തിക കുതന്ത്രങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും നയതന്ത്ര നീക്കങ്ങള്‍ക്കായി ഒരു പുതിയ പോയിന്റ് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ചൈനയ്ക്കും ഇന്ത്യയ്ക്കുമെതിരെ വാഷിംഗ്ടണിന്റെ വ്യാപാര സമ്മര്‍ദ്ദം രൂക്ഷമായതോടെയാണ് ഈ സന്ദേശം വന്നത്. ജൂണോടെ, ന്യൂഡല്‍ഹി ബെയ്ജിംഗുമായി വീണ്ടും ഇടപഴകാന്‍ തുടങ്ങി.
ഈ പിന്നാമ്പുറ ആശയവിനിമയം എങ്ങനെയാണ് വിശാലമായ ഒരു ഉരുകല്‍ പ്രക്രിയയിലേക്ക് പരിണമിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
കഴിഞ്ഞ ആഴ്ച, ഇരുപക്ഷവും തങ്ങളുടെ അസ്ഥിരമായ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സമ്മതിച്ചത് ഇതിന് ഉദാഹരമാണ്. ഏഴ് വര്‍ഷത്തിനിടെ ആദ്യമായി മോദി ഈ വാരാന്ത്യത്തില്‍ ചൈന സന്ദര്‍ശിക്കുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വന്നതിനെ സൂചിപ്പിക്കുന്നു.
പുനഃക്രമീകരണത്തിന് ദക്ഷിണേഷ്യയ്ക്ക് അപ്പുറത്തേക്ക് വളരെ വലിയ പ്രത്യാഘാതങ്ങളുണ്ട്. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാന്‍ അമേരിക്ക വളരെക്കാലമായി ഇന്ത്യയെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപിന്റെ 50 ശതമാനം തീരുവയും റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് നിയന്ത്രണങ്ങളും ന്യൂഡല്‍ഹിയെ കിഴക്കോട്ട് നോക്കാന്‍ പ്രേരിപ്പിച്ചിരിക്കാം.
റിലയന്‍സ്, അദാനി, ജെഎസ്ഡബ്ല്യു തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ ചൈനീസ് കമ്പനികളുമായി ക്ലീന്‍ എനര്‍ജി പങ്കാളിത്തം തേടുന്നുണ്ടെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചേക്കാം. ചൈനീസ് പൗരന്മാര്‍ക്കുള്ള ടൂറിസ്റ്റ് വിസകള്‍ വീണ്ടും പരിഗണനയിലുണ്ട്. എങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒരു അവിശ്വാസം നിലനില്‍ക്കുന്നുണ്ട്.
സെപ്റ്റംബര്‍ 1 ന് ടിയാന്‍ജിനില്‍ നടക്കുന്ന എസ് സി ഒ ഉച്ചകോടിക്കിടെ മോദിയും ഷിയും കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.