11 Dec 2023 5:52 PM IST
തെരഞ്ഞെടുപ്പ് സമൂഹമാധ്യമങ്ങളുടെ ചാകര, മധ്യപ്രദേശും, ഛത്തീസ്ഗഡും മാത്രം നൽകിയത് 204 കോടി
MyFin Desk
Summary
ഇതിൽ 201 കോടിയും മുടക്കിയത് രാഷ്ട്രീയേതര സംഘടനകളായിരുന്നു.
അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ അവരുടെ പ്രചരണം കൊഴുപ്പിക്കാൻ രാഷ്ട്രീയ പാർട്ടികളും, മറ്റു സംഘടനകളും സമൂഹമാധ്യമങ്ങളിൽ കോടികളാണ് ഒഴുക്കിയത്. മധ്യപ്രദേശിലും,ഛത്തീസ്ഗഡിലും മാത്ര൦ ബി ജെ പി യും, കോൺഗ്രസ്സും, മറ്റു സംഘനകളും കൂടി സമൂഹമാധ്യമങ്ങളിൽ ഇതിനായി പൊടിച്ചത് 204 .7 കോടി. ഇതിൽ 201 കോടിയും മുടക്കിയത് രാഷ്ട്രീയേതര സംഘടനകളായിരുന്നു.
രാഷ്ട്രീയ പാർട്ടികളിൽ സ്വാഭാവികമായും ബി ജെ പി തന്നെയാണ് മുമ്പിൽ, അതിനു വളരെ പിറകിൽ കോൺഗ്രസ്സും. ബി ജെ പി , കോൺഗ്രസ് മുടക്കിയതിന്റെ ഇരട്ടിയാണ് സമൂഹമാധ്യമങ്ങളിലെ അവരുടെ പ്രചരണത്തിനായി പൊടിച്ചത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ വലിയ മൂന്നു സംസ്ഥാങ്ങളിലെ കണക്കുകൾ പുറത്ത് വന്നിട്ടുണ്ട്. ഇതനുസരിച്ചു ഈ മൂന്ന് സംസ്ഥാനങ്ങളിൽ കൂടി 2 .68 കോടി ബി ജെ പി അവരുടെ പ്രചരണത്തിനായി സമൂഹമാധ്യമങ്ങളിൽ മുടക്കിയപ്പോൾ, കോൺഗ്രസ് ചെലവാക്കിയതാകട്ടെ 1 .46 കോടിയും.
ലോക്നെറ്റി - സെന്റർ ഫോർ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റിസ് (സി എസ് ഡി എസ് ) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ബി ജെ പി യും കോൺഗ്രസ്സും അവരുടെ സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനായി ആശ്രയിച്ചത് ഫേസ്ബുക്കിനെയും, ഇന്‍സ്റ്റാഗ്രാമിനെയുമാണെന്നാണ്. . ഈ രണ്ടു സമൂഹമാധ്യമങ്ങളുടെയും മാതൃസ്ഥാപനമായ മെറ്റയുടെ പരസ്യ ലൈബ്രറിയുടെ ആർക്കൈവ് രേഖകൾ അനുസരിച്ചു തെരഞ്ഞെടുപ്പ് ദിവസത്തിനു മുൻപുള്ള 90 ദിവസം മധ്യപ്രദേശിൽ ബി ജെ പി ചെലവാക്കിയത് 94 ലക്ഷമാണ്. കോൺഗ്രസ് ചെലവാക്കിയത് 72 ലക്ഷവും.
രേഖകള്‍ അനുസരിച്ചു മധ്യപ്രദേശിൽ ബി ജെ പി യുടെ സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന്റെ 30 ശതമാനവും വോട്ടുകൾ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതായിരുന്നു. 27 ശതമാനം പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കു പ്രചാരണം കൊടുക്കുവാനും. കോൺഗ്രസ് ആകട്ടെ അവരുടെ സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന്റെ 25 ശതമാനം പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെ കുറിച്ച് പറയുന്നതിനും, 19 ശതമാനം രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ച് മുഖ്യമന്ത്രി ആയിരുന്ന ശിവരാജ് സിംഗ് ചൗഹാനെ ആക്രമിക്കാനുമായിരുന്നു ഉപയോഗിച്ചത്.
ഛത്തീസ്ഗഡിൽ ബി ജെ പി മുടക്കിയത് 79 .7 ലക്ഷവും, കോൺഗ്രസ് 4 .7 ലക്ഷവും. എന്നാൽ ഇതിനായി ഏറ്റവും കൂടുതൽ ഫണ്ട് ഇറക്കിയ ആദ്യത്തെ പത്തു സംഘടനകളിൽ ആറും രാഷ്ട്രീയ പാർട്ടികളല്ലാത്ത സംഘടനകളായിരുന്നു.
ബി ജെ പി ആകെ 592 തെരഞ്ഞെടുപ്പ് പരസ്യങ്ങളും, കോൺഗ്രസ് 93 പരസ്യങ്ങളുമാണ് തെരഞ്ഞെടുപ്പിന്റെ അവസാനത്തെ 30 ദിവസം സമൂഹമാധ്യമങ്ങളിൽ നൽകിയത്. ബി ജെ പി യുടെ 42 ശതമാനം പരസ്യങ്ങളും വോട്ടുകൾ അഭ്യർഥിച്ചുകൊണ്ടുള്ളതായിരുന്നു. അത് കഴിഞ്ഞാൽ ഏറ്റവും അധികം പരസ്യ൦ നൽകിയത് - 19 ശതമാനം- പ്രകട പത്രികക്കും,`` മോദിയുടെ ഉറപ്പ് '' എന്ന പേരിൽ നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്കുമായിരുന്നു. ഏകദേശം 12 ശതമാനം പരസ്യങ്ങൾ നൽകിയത് അഴിമതി ആരോപണങ്ങൾക്ക് പ്രചാരം കൊടുക്കാനായിരുന്നു.
കോൺഗ്രസ് ആകട്ടെ , സമൂഹമാധ്യമങ്ങളിലെ അതിന്റെ 21 ശതമാനം പരസ്യങ്ങളും ബി ജെ പിയെ വിമർശിക്കാനും, അതിന്റെ വീഴ്ചകൾ തുറന്നു കാണിക്കാനുമായിരുന്നു നൽകിയിരുന്നത് അതുകഴിഞ്ഞാൽ ഏറ്റവും അധികം പരസ്യങ്ങൾ നൽകിയത്, 19 ശതമാനം, അതിന്റെ പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്ന കാര്യങ്ങൾക്കു ഊന്നൽ നൽകാനും.
രാജസ്ഥാനിലിൽ പ്രചാരണത്തിനായി ബി ജെ പി 94 ലക്ഷം ചെലവിട്ടപ്പോൾ, സംസ്ഥാന൦ ഭരിച്ച കോൺഗ്രസ് ചെലവാക്കിയത് വെറും 2 .8 ലക്ഷ൦ മാത്രം. ബി ജെ പി യുടെ പരസ്യങ്ങളിൽ ഭൂരിഭാഗവും കോൺഗ്രസ് സർക്കാരിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോട് നല്കിയവ ആയിരുന്നു. .