2 Jun 2025 6:56 PM IST
സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻഗണന കാർഡിലേക്ക് മാറാൻ അവസരം. വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരിൽ അർഹരായവർക്ക് മുൻഗണനാ (പിങ്ക് കാർഡ് ) വിഭാഗത്തിലേക്ക് മാറ്റാം. ഇതിനായി ഇന്നു മുതൽ ഈ മാസം 15 വരെ ഓൺലൈനായി അപേക്ഷ നൽകാം. അക്ഷയ കേന്ദ്രങ്ങൾ / ജനസേവന കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ നൽകാം. കാർഡിലെ വിവരങ്ങളിൽ മാറ്റമുണ്ടെങ്കിൽ തിരുത്തൽ വരുത്തി അപേക്ഷിക്കണം. മുൻഗണനാ കാർഡിൽ കൂടുതൽ റേഷൻ വിഹിതം സൗജന്യ നിരക്കിൽ ലഭിക്കും. ചികിത്സാ ആനുകൂല്യങ്ങൾക്കും ഉപയോഗിക്കാം. നിലവിൽ 42.22 ലക്ഷം മുൻഗണനാ കാർഡ് ഉടമകളാണ് സംസ്ഥാനത്തുള്ളത്.
അർഹതയുള്ളവർ വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലത്തിന്റെ 2025 വർഷത്തെ നികുതി രസീത്, പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം, വില്ലേജ് ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, കക്കൂസ് എന്നിവയില്ലാത്തവർ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ പകർപ്പ്, മാരക രോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.