6 Dec 2023 5:52 PM IST
Summary
വിലയിലുടെ കടന്നു പോകുമ്പോൾ, കർഷകരുടെ ആശങ്കകൾ അസ്ഥാനത്തല്ല എന്ന് കാണാം
കൊച്ചി : കേരളത്തിൽ റബ്ബറിന്റെ ഉൽപ്പാദനം ഏറ്റവും കൂടുന്നത് ഡിസംബറിലാണ്. വില താഴേക്കുള്ള അതിന്റെ യാത്ര തുടരുന്നതിനാൽ ഈ ഡിസംബർ കർഷകർക്ക് വലിയ സ്വാന്തനം നൽകുന്നില്ല. കാര്യങ്ങൾ കൂടുതൽ വഷളാക്കികൊണ്ട് ഓരോ വ്യവസായത്തിനും ഉപയോഗിക്കാൻ പാകപ്പെടുത്തിയ റബ്ബറിന്റെ ( ബ്ലോക്ക്, കോമ്പൗണ്ട് ) വലിയ ഇറക്കുമതി തുടരുന്നത്, വിലയെ കൂടുതൽ താഴേക്കു നയിക്കുന്നു. വിപണിയിൽ നിന്നുള്ള വാർത്തകൾ ഒട്ടും ആശാവഹമല്ലാത്തതുകൊണ്ടു, റബ്ബർ കൃഷിയിൽ തുടരണമോ എന്ന ചിന്തയിലാണ് കർഷകർ.
വിലയിലുടെ കടന്നു പോകുമ്പോൾ, കർഷകരുടെ ആശങ്കകൾ അസ്ഥാനത്തല്ല എന്ന് കാണാം. കോട്ടയം വിപണിയിൽ ( ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ വിപണിയാണ് കോട്ടയം) ആർ എസ് എസ് - 4 ഗ്രേഡ് റബ്ബറിന്റെ വില നവംബർ 17 നു കിലോഗ്രാമിന് 154 രൂപ ആയിരുന്നത്, നവംബർ 28 ആയപ്പോൾ ഇത് 152 ലേക്ക് താഴ്ന്നു. ഇത് ഡിസംബർ 4 ആയപ്പോഴേക്കും 151 ആയി. ഡിസംബർ 5 നു ഇത് വീണ്ടും 150 രൂപയായി കുറഞ്ഞു.
ഒട്ടുപാലിന്റെ (60 ശതമാനം) വിലയിലും മാറ്റം വളരെ പ്രകടമായിരുന്നു. നവംബർ 17 നു കിലോഗ്രാമിന് 112 രൂപ ഉണ്ടായിരുന്നത് നവംബർ 27 ആയപ്പോഴേക്കും 109 .90 രൂപയായി. ഡിസംബർ 1 ആയപ്പോൾ അത് 106 .75 രൂപയായി കുറഞ്ഞു. ഡിസംബർ 4 നു 105 .65 ആയും, ഡിസംബർ 5 നു അത് 104 .60 രൂപയായി പിന്നയും കുറഞ്ഞു.
കോട്ടയം, കൊച്ചി, ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കൊത്ത എന്നീ നഗരങ്ങളാണ് ഇന്ത്യയിലെ പ്രധാന റബ്ബർ വിപണികൾ. 120 മുതൽ 151 രൂപയാണ് റബ്ബറിന്റെ രാജ്യത്തെ വില. ഇത് സൂചിപ്പിക്കുന്നത് കേരളത്തിലെ കർഷകർക്ക് ലഭിക്കാവുന്നതിൽ ഏതാണ്ട് പരമാവധി ഉയർന്ന വില ലഭിക്കുന്നു എന്നാണ്.
ഏറ്റവും അധികം പാൽ ലഭിക്കുന്ന ഡിസംബറിൽ, മഴയാണ് കർഷകരുടെ പേടിസ്വപ്ന൦. ഈ വർഷം മഴ മിക്കവാറും വൈകുംനേരങ്ങളിൽ ആണ്. വിളവെടുപ്പു (റബ്ബർ വെട്ടു ) ആകട്ടെ രാവിലെയും. അതിനാൽ മഴ ഈ വർഷം സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്നില്ല. തന്നെയുമല്ല മിക്കവാറും എല്ലാ കർഷകരും മരങ്ങൾക്കു മഴമറ ( റെയിൻ ഗാഡ്) ഇട്ടിട്ടുണ്ട്. എന്നാൽ ഈ സീസണിലെ കാലം തെറ്റി വന്ന മഴ മൂലം പ്രതീക്ഷിച്ച വിളവ് ലഭിക്കാൻ സാധ്യതയില്ല എന്നാണ് കർഷകർ പറയുന്നത്.
തായ്‌ലൻഡിൽ ഉൽപ്പാദനം കുറഞ്ഞതുകൊണ്ടു, ഈ പ്രാവശ്യം മെച്ചമായ വില കർഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇറക്കുമതിയും, ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവും മൂലം, ഇത് മുതലാക്കാൻ സംസ്ഥാനത്തെ കർഷകർക്ക് കഴിഞ്ഞില്ല.
കേരളത്തിന്റെ നഷ്ടം, വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾക്ക് നേട്ടമാവുകയാണ്. ഈ സംസ്ഥാനങ്ങകൾ റബ്ബർ കൃഷിയുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഇടമായി അതിവേഗം മാറുകയാണ്. കേരളത്തിനേക്കാൾ അവിടെ ഉൽപ്പാദന ചെലവ് കുറവായതിനാൽ, വിപണിയിൽ ഈ സംസ്ഥാനങ്ങളോട് മത്സരിക്കാൻ കേരളം ബുദ്ധിമുട്ടും.
