image

2 Aug 2025 4:56 PM IST

News

കിട്ടാകടം വില്ലനായി, അറ്റാദായത്തില്‍ ഇടിവുമായി ഫെഡറല്‍ ബാങ്ക്

MyFin Desk

കിട്ടാകടം വില്ലനായി, അറ്റാദായത്തില്‍ ഇടിവുമായി ഫെഡറല്‍ ബാങ്ക്
X

ഫെഡറല്‍ ബാങ്ക് അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 14.6 ശതമാനത്തിന്റെ ഇടിവ്. 861.75 കോടി രൂപയാണ് ജൂണ്‍ പാദത്തില്‍ അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തെ 1009 കോടിയില്‍ നിന്നാണ് ഈ തകര്‍ച്ച. കാര്‍ഷിക വായ്പകളില്‍ കിട്ടാകടം വര്‍ധിച്ചതും ചെറുകിട വായ്പകളിലെ തിരിച്ചടിവില്‍ നേരിടുന്ന വെല്ലുവിളിയുമാണ് പാദഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം, അറ്റ പലിശ വരുമാനം 2% വര്‍ദ്ധിച്ച് 2,336.83 കോടി രൂപയായി. അതേസമയം, റീട്ടെയില്‍, വാണിജ്യ ബാങ്കിംഗ് വായ്പകളിലെ ശക്തമായ വളര്‍ച്ച കാരണം മൊത്തം നിക്ഷേപങ്ങളില്‍ 8.03% വളര്‍ച്ചയും അറ്റ വായ്പകളില്‍ 9.24% വര്‍ദ്ധനവും ഉണ്ടായി.മെച്ചപ്പെട്ട ആസ്തി ഗുണനിലവാരവും പ്രവര്‍ത്തന സ്ഥിരതയും കമ്പനിയ്ക്ക് കരുത്താവുമെന്നാണ് സിഇഒ കെ വി എസ് മണിയന്‍ പ്രതികരിച്ചത്. നേരത്തെ കടപ്പത്രങ്ങളും ഓഹരികളുമിറക്കി 6,000 കോടി രൂപവരെ മൂലധനം സമാഹരിക്കാന്‍ ഫെഡറല്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗം തീരുമാനിച്ചിരുന്നു. ഓഹരി ഉടമകളുടെയും റഗുലേറ്ററി ഏജന്‍സികളുടെയും അനുമതിക്ക് വിധേയമായി അവകാശ ഓഹരി (റൈറ്റ്‌സ് ഇഷ്യൂ), പ്രിഫറന്‍ഷ്യല്‍ ഓഹരി (മുന്‍ഗണനാ ഓഹരി), പബ്ലിക് ഓഫര്‍ (എഫ്പിഒ), യോഗ്യരായ നിക്ഷേപസ്ഥാപനങ്ങള്‍ക്ക് ഓഹരി വില്‍പന (ക്യുഐപി), മസാല ബോണ്ട്, ഗ്രീന്‍ ബോണ്ട് തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാകും മൂലധന സമാഹരണം.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 23 ശതമാനം നേട്ടം സമ്മാനിച്ച ഓഹരിയാണ് ഫെഡറല്‍ ബാങ്ക്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഓഹരിവില 300 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. 2020 ജൂണില്‍ 53 രൂപയ്ക്കടുത്തായിരുന്നു ഓഹരിവില. 2024 ജൂലൈ ഒന്നിന് 180 രൂപയും.