image

7 Nov 2022 12:11 PM IST

Market

വിദേശ നിക്ഷേപകരിൽ വീണ്ടും ആവേശം; ആദ്യ ആഴ്ച്ചയിൽ ഇറക്കിയത് 15,280 കോടി

Mohan Kakanadan

foreign portfolio investors
X

foreign portfolio investors

Summary

ഒക്ടോബറിലെ എട്ട് കോടി രൂപയുടെയും, സെപ്റ്റംബറിലെ 7,624 കോടി രൂപയുടെയും ഓഹരി നിക്ഷേപ വിറ്റഴിക്കലിനു ശേഷമാണ് ഈ വാങ്ങല്‍.


ഡെല്‍ഹി: കഴിഞ്ഞ രണ്ട് മാസങ്ങളിലായി നിക്ഷേപം പിന്‍വലിച്ചിരുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍, ശക്തമായി തിരിച്ചു വരുന്നു. നവംബര്‍ ആദ്യ ആഴ്ച്ചയില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിച്ചത് 15,280 കോടി രൂപയാണ്. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുയര്‍ത്തല്‍ മയപ്പെടുത്തിയേക്കും എന്ന പ്രതീക്ഷകളാണ് ഇതിനു പിന്നില്‍. എങ്കിലും പൂർണമായ ഒരു തിരിച്ചുവരവിന്റെ പാതയിൽ അവർ എത്തിയിട്ടില്ല.


"കര്‍ശന പണനയ നിലപാടുകളും, അന്താരാഷ്ട്ര സാഹചര്യങ്ങളും സൃഷ്ടിക്കുന്ന പ്രതിസന്ധിയില്‍, മുന്നോട്ടു പോകുമ്പോള്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരില്‍ നിന്നുള്ള നിക്ഷേപം സമീപകാലത്ത് അസ്ഥിരമായി തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്," കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍ അഭിപ്രായപ്പെട്ടു.


ഡെപ്പോസിറ്ററികളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപകര്‍ നവംബര്‍ ഒന്നുമുതല്‍ നാല് വരെയുള്ള കാലയളവില്‍ 15,280 കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തി.


ഒക്ടോബറിലെ എട്ട് കോടി രൂപയുടെയും, സെപ്റ്റംബറിലെ 7,624 കോടി രൂപയുടെയും ഓഹരി നിക്ഷേപ വിറ്റഴിക്കലിനു ശേഷമാണ് ഈ വാങ്ങല്‍.


ഓഗസ്റ്റില്‍ വിദേശ നിക്ഷേപകര്‍ 51,200 കോടി രൂപയുടെയും, ജൂലൈയില്‍ 5,000 കോടി രൂപയുടെയും ഓഹരി നിക്ഷേപം നടത്തിയിരുന്നു. അതിനു മുമ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള ഒമ്പത് മാസം വിദേശ നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായിരുന്നു.


"ഈ വര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ ഓഹരികളില്‍ നിന്നും പിന്‍വലിച്ചത് 1.53 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ മാസം ആദ്യം നിക്ഷേപകര്‍ അറ്റ വില്‍പ്പനക്കാരായിരുന്നെങ്കിലും, ആഗോള വിപണികളിലെ പുരോഗതിയുടെ പിന്തുണയില്‍ പിന്നീട് വില്‍പ്പനയില്‍ ഗണ്യമായ കുറവ് വന്നു. യുഎസ് ബോണ്ട് യീല്‍ഡുകളും, ഡോളറും ഉയരുമ്പോള്‍ പോലും വിദേശ നിക്ഷേപകര്‍ ഇന്ത്യയിലെ ഓഹരികള്‍ വാങ്ങുന്നു എന്ന വസ്തുത പ്രധാനമാണ്. ആഗോള സമ്പദ്വ്യവസ്ഥ മന്ദഗതിയിലായിരിക്കുമ്പോള്‍ പോലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ലുള്ള വിദേശ നിക്ഷേപകരുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണിത്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറഞ്ഞു.


എന്നാല്‍, ഈ കാലയളവില്‍ വിദേശ നിക്ഷേപകര്‍ ഡെറ്റ് വിപണിയില്‍ നിന്നും 2,410 കോടി രൂപ പിന്‍വലിച്ചു. ഇന്ത്യയെ കൂടാതെ, ഈ മാസം ഇതുവരെ ദക്ഷിണ കൊറിയ, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും വിദേശ നിക്ഷേപത്തിന്റെ വരവ് പോസിറ്റീവ് ആയിരുന്നു.


Tags: