2 Jan 2023 8:20 PM IST
തിരുവനന്തപുരം: കാത്തിരിപ്പില്ല കാലതാമസമില്ല, സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വെറും അഞ്ചു മിനുട്ടില്‍ ഫയല്‍ നീങ്ങും. നിലവിലെ കടലാസ്സ് ഫയലുകള്‍ മാറ്റി ഇ-ഫയലുകള്‍ സ്ഥാപിക്കുന്നതിലൂടെയാണ് മാറ്റം സാധ്യമാകുന്നത്. അതേസമയം സെക്രട്ടേറിയറ്റിലെ ഫയല്‍നീക്കം നേരത്തെ തന്നെ ഓണ്‍ലൈന്‍ ആക്കിയിരുന്നു. ഇതേ മാതൃകയില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഉള്‍പ്പടെ ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് പ്രത്യേകം നിര്‍ദേശം നല്‍കി.
ഫയല്‍ നീക്കം ഇ-ഓഫീസ് വഴിയാക്കുന്നതോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ സാധ്യമാകും. ഫയല്‍ നീക്കം മന്തഗതിയിലാകുന്നത് മൂലം സാധാരണഗതിയിലുണ്ടാകാറുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇതോടു കൂടി പരിഹരിക്കാനാകുമെന്ന് പ്രതീക്ഷിക്കാം.
ഫയല്‍നീക്കം ഇ-ഓഫീസ് വഴിയാക്കുന്നതിന്റെ ഭാഗമായി നവംബര്‍ അവസാനത്തോടെ കേരള സെക്രട്ടേറിയറ്റ് മാനുവലില്‍ ഭേദഗതി വരുത്തിയിരുന്നു. മറ്റ് ഓഫീസുകള്‍ക്കുള്ള ഓഫീസ് നടപടിച്ചട്ടം ഡിസംബര്‍ മൂന്നിന് ഭേദഗതി ചെയ്തു. ഇതുകൂടാതെ കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ സജ്ജമാക്കിയ പുതിയ ഇ-ഓഫീസ് സോഫ്റ്റ്വെയര്‍ എല്ലാ ഓഫീസുകള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.