11 Oct 2023 6:16 PM IST
Summary
- നേരത്തെ വോട്ടെടുപ്പ് പ്രഖ്യാപിച്ച ദിനത്തില്‍ വിവാഹങ്ങള്‍ അരലക്ഷത്തിലധികം
- നവംബര്‍ 25ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്
അവസാനം വിവാഹങ്ങള്‍ക്കായി രാജസ്ഥാനിലെ വോട്ടെടുപ്പ് തീയതി മാറ്റി. നവംബര്‍ 25ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ദേവ് ഉഠനി ഏകാദശി ആഘോഷിക്കുന്നത് നവംബര്‍ 23 നാണ്. ഇതേ ദിവസം വിവാഹത്തിനുള്ള ഏറ്റവും മികച്ച മുഹൂര്‍ത്തമുള്ള ദിവസമായാണ് കണക്കാക്കുന്നത്. അന്നേദിവസം സംസ്ഥാനത്ത് അരലക്ഷമോ അതിലധികമോ വിവാഹങ്ങള്‍ രാജസ്ഥാനില്‍ നടക്കാറുണ്ടെന്നാണ് കണക്ക്. ബുധനാഴ്ച പ്രഖ്യാപിച്ച പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്തി ഡിസംബര്‍ മൂന്നിന് ഫലം പുറത്തുവരും.
അന്ന് നടക്കാനിടയുള്ള വിവാഹങ്ങളും മറ്റ് സാമൂഹിക പരിപാടികളും കണക്കിലെടുത്ത്് തെരഞ്ഞെടുപ്പ് പാനല്‍ തീയതി പരിഷ്‌കരിക്കുകയാണെന്ന് കമ്മീഷന്‍ അറിയിച്ചു.'വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സാമൂഹിക സംഘടനകളില്‍ നിന്നും വോട്ടെടുപ്പ് ദിവസം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. അന്നേദിവസം വോട്ടര്‍ പങ്കാളിത്തം കുറയാന്‍ സാധ്യതയേറെയാണെന്ന് കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
വിവാഹത്തിന് ഏറ്റവും നല്ല അവസരമായി ദേവ് ഉഠനി ഏകാദശി കണക്കാക്കപ്പെടുന്നു. വിവാഹ സീസണിന്റെ തുടക്കവും ഈ ദിനമായിട്ടാണ് കണക്കാക്കുന്നത്. ഇത് രാജസ്ഥാനിലെ വോട്ടിംഗ് ശതമാനത്തെ ബാധിച്ചേക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്കപ്പെട്ടിരുന്നു. ദേവ് ഉഠനി ഏകാദശി വിവാഹങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ അവസരമാണ്, എല്ലാ ഹിന്ദു ജാതികളും ഈ ദിവസം വിവാഹങ്ങള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നു. ഈ വര്‍ഷം ദേവ് ഉഠനി ഏകാദശി ദിനത്തില്‍ 50,000 വിവാഹങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു,' ഓള്‍ ഇന്ത്യ ടെന്റ് ഡെക്കറേറ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് രവി ജിന്‍ഡാല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വ്യാപാരികള്‍ മുതല്‍ കുടുംബാംഗങ്ങളും ബന്ധുക്കളും വരെ വിവാഹ ചടങ്ങുകളില്‍ വലിയൊരു വിഭാഗം ആളുകള്‍ പങ്കെടുക്കുന്നത് വോട്ടിംഗിനെ ബാധിച്ചേക്കാമെന്നും ജിന്‍ഡാല്‍ വ്യക്തമാക്കിയിരുന്നു.
2018ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.71% ആയിരുന്നു പോളിങ്. നവംബര്‍ 23ന് വോട്ടെടുപ്പ് നടന്നാല്‍ ശതമാനത്തില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുകയും ചെയ്തിരുന്നു.
രാജസ്ഥാനില്‍ 200 നിയമസഭാ മണ്ഡലങ്ങളുണ്ട്. രാജസ്ഥാന്‍ നിയമസഭയുടെ കാലാവധി 2024 ജനുവരി 14-ന് അവസാനിക്കും. നിലവില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്.